ഇഷ്ടകാര്യസാധ്യത്തിനായി മൂലസ്ഥാനത്ത് ‘വെറ്റില പറത്തല്‍’ എന്ന അപൂര്‍വ്വ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ വന്നെത്തുന്ന ഈ ക്ഷേത്രത്തിന് ആലപ്പുഴയുടെ വിശ്വാസ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വിശ്വാസികളുടെ നഷ്ടപ്പെട്ട സാധനങ്ങളും കേടുപാടു സംഭവിക്കാതെ തിരികെ ലഭിക്കുവാനാണ് ഈ അപൂര്‍വ്വ വഴിപാട് നടത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള കാവിലാണ് ഈ വഴിപാട് നടക്കുക.
ക്ഷേത്രത്തിനു പുറത്തെ കടകളില്‍ നിന്നും വെറ്റില വാങ്ങാം, ശേഷം കാവിനു അടുത്തെത്തി വെറ്റില തലയ്ക്കുഴിഞ്ഞ് കാവിലേക്ക് പറത്തി വിടുകയാണ് ചെയ്യുന്നത്. തലയ്ക്കുഴിയുമ്പോള്‍ തന്നെ ആഗ്രഹവും പറയണം. 11 മുതല്‍ മുകളിലേക്ക് എത്ര വെറ്റില വേണമെങ്കിലും പറത്താം. ധാരാളം ആളുകള്‍ക്ക് അതില്‍ നിന്നും ഫലം ലഭിച്ചിട്ടുണ്ട്. മൂലസ്ഥാനത്ത് കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാലയും തുടങ്ങിയ വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.
കുറക്കാവ് ദേവി ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളില്‍ ആണ് അതിപ്രധാനമായ ഈ പൂജ നടക്കുക. രാവിലെ 10 മുതല്‍ 11 മണി വരെയാണ് ഈ പൂജയുടെ സമയം. 21 ഞായറാഴ്ചകളില്‍ ഈ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച കാര്യം സാധ്യമാകുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരപൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. ശിവരാത്രി, വിനായക ചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാലം, നവരാത്രി തുടങ്ങിയ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.
ശിവനും ഭദ്രകാളിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. പരമേശ്വരനെ കിരാത മൂര്‍ത്തിയായും ആദിപരാശക്തിയായ ശ്രീഭദ്രകാളി കുറക്കാവില്‍ അമ്മയായും ആണ് ആരാധിക്കുന്നത്. ഗിരിദേവതാ ബന്ധത്തോടു കൂടിയ പരമേശ്വരനാണ് ഇവിടെയുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. പരമേശ്വരന്റെ അതേ പ്രാധാന്യത്തോടു കൂടിയാണ് ഇവിടെ സൗമ്യരൂപത്തിലുളള ഭദ്രകാളിയേയും ആരാധിക്കുന്നത്. പുരാതന കാലം മുതല്‍ തന്നെ ഇവിടെ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്.
പന്തളം രാജ്യവും പിന്നീട് കായംകുളം രാജ്യവും ഉള്ളപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു എന്നാണ് ചരിത്രം. യോഗീശ്വരനായ ഒരു ബ്രാഹ്‌മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു പണ്ട് ഇവിടം. കാലാന്തരത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെ ക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങി എന്നും പിന്നീട് ക്ഷേത്രപുന:രുദ്ധാരണത്തിനു ശേഷം ഇവിടെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടക്കാന്‍ തുടങ്ങി എന്നുമാണ് വിശ്വാസം. ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പില്‍ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.