Television

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അര്‍ജുന്‍ ആണ് വരന്‍. വിവാഹത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സ്റ്റാര്‍ മാജിക്കിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്. വിവാഹം ഉടനെ ഉണ്ടാകുമെന്ന് സ്റ്റാർ മാജിക്ക് എപ്പിസോഡിനിടെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. വരന്റെ വിവരങ്ങൾ ഐശ്വര്യ സർപ്രൈസാക്കി വച്ചിരിക്കുകയായിരുന്നു. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.

നാലു വയസ്സിൽ അഭിനയരംഗത്ത് എത്തിയ ആളാണ് ഐശ്വര്യ. ബീനാ ആന്‍റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്. സുധാകര്‍ മംഗളോദയത്തിന്‍റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.

ഭാഗ്യലക്ഷ്മിയെന്ന സീരിയലിലെ അഭിനയത്തിന് 2015ലെ മികച്ച നടിക്കുള്ള കെ.പി. ഉമ്മര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളുടെ ഭാഗമായതോടെ ഐശ്വര്യ ഏറെ ജനശ്രദ്ധ നേടി.