താൻ എല്ലാവർക്കും ഉമ്മ നൽകുമെന്നും എന്നാൽ തനിക്കും ഉമ്മ നൽകാൻ ആരുമില്ലെന്നും മോഹൻലാൽ. ഇത് പറഞ്ഞതോടെ സ്നേഹ ചുംബനം കൊണ്ട് മോഹൻലാലിനെ മൂടുകയായിരുന്നു ഇന്ദ്രൻസ്. അമ്മ ജനറൽബോഡി യോഗത്തിന്റെ വേദിയിൽ നിന്നുള്ള ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.
താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന ജനറൽബോഡി യോഗത്തിൽ ചലച്ചിത്ര പുരസ്കാരജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിച്ചു. അപ്പോഴായിരുന്നു മോഹൻലാലിൻറെ വാക്കുകൾ. പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടൻ സിദ്ദിഖ് സമീപമുണ്ടായിരുന്നു.
ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാലു തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-’21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.
കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്.
Content Highlights: indrans-kisses-mohanlal