Celebrities

നടന്‍ കെ.യു മനോജിന് ലാപ്‌ടോപ്പ് സമ്മാനിച്ച് മോഹന്‍ലാല്‍; ഇതെന്താ സംഭവമെന്ന് പ്രേക്ഷകര്‍!- Mohanlal gifted a laptop to actor KU Manoj

നടന്‍ കെ.യു മനോജിന് ഇത്തവണത്തെ ‘അമ്മ’ ജനറല്‍ ബോഡി ഇരട്ടി മധുരം നിറഞ്ഞത്. അമ്മയില്‍ അംഗത്വം ലഭിച്ചതിനു ശേഷമുള്ള മനോജിന്റെ ആദ്യ ജനറല്‍ ബോഡിയോഗമായിരുന്നു ഇത്. എന്നാല്‍ മറ്റൊരു അടിപൊളി സന്തോഷവും മനോജിനെ തേടിയെത്തിയിരിക്കുകയാണ്. അതെന്താണെന്നോ?

മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനം ലഭിച്ചതും മനോജിനാണ്. കഴിഞ്ഞ ജനറല്‍ ബോഡി മുതല്‍ ലക്കി ഡ്രോ ‘അമ്മ’യില്‍ ഏര്‍പ്പെടുത്തിയിരുന്നു. ‘മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ അംഗത്വം ലഭിച്ച് ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് സന്തോഷം. അതിലുപരി മൈജി ഏര്‍പ്പെടുത്തിയ ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ ലാപ്‌ടോപ്പ് പ്രിയപ്പെട്ട ലാല്‍ സാറില്‍ നിന്നും സ്വീകരിക്കാന്‍ സാധിച്ചതും അതിലേറെ സന്തോഷം.’-കെ.യു. മനോജ് പറഞ്ഞു. 2023 ല്‍ നടത്തിയ നറുക്കെടുപ്പ് മത്സരത്തില്‍ മണിക്കുട്ടനായിരുന്നു സമ്മാനം. സ്മാര്‍ട് ടിവിയാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, 2021ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കെ.യു മനോജ്.

സിദ്ദിഖ് ആണ് ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഞായറാഴ്ച നടന്നത്.