തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ് ആർടിഒ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവർ ആന്റണി തോമസിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പുറകോട്ട് ഓടിച്ചതിനാണ് നടപടി.
കഴിഞ്ഞ ദിവസമാണു കേസിനാസ്പദമായ സംഭവം നടന്നത്. പാലിയേക്കര ടോള്‍ ഗേറ്റില്‍ ടിപ്പര്‍ ലോറി അശ്രദ്ധമായി പിന്നിലേക്ക് എടുത്ത് അപകടമുണ്ടാക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം റിവേഴ്സില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്‍ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്.
ലോറിയുടെ ഫാസ്റ്റ് ടാഗില്‍ വേണ്ട ബാലന്‍സുണ്ടായിരുന്നില്ല. ടോളില്‍ വരിനില്‍ക്കുന്ന മറ്റു വാഹനങ്ങള്‍ക്കായി മാറിക്കൊടുക്കാനെന്ന പേരില്‍ വാഹനം അലക്ഷ്യമായി പിന്നോട്ടെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് നടപടി.