ബിഗ് ബോസ് മലയാളം സിക്‌സിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ജിന്റോ. സീസണ്‍ സിക്‌സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് പിന്നീട് വിജയി ആയിമാറിയത്. തമാശ കളിച്ചും നിഷ്‌കളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.കൂടാതെ ഫിസിക്കല്‍ ടാസ്‌കുകളിലെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ കൂടുകയായിരുന്നു.
ഇപ്പോളിതാ തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ജിന്റോ. വെളളിത്തിരയിലേക്ക് ഇറങ്ങുകയാണ് താരം. അതും നായകപരിവേഷത്തില്‍ തന്നെ. ബാദുഷാ പ്രൊഡക്ഷന്‍സാണ് ജിന്റോ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മാണം. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്‌സ് എന്ന പരിപാടിയില്‍ ജിന്റോ നല്‍കിയ അഭിമുഖത്തിനിടയില്‍ നിര്‍മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തന്നോട് വന്നു പറയുകയും ആ കഥ തനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാര്‍ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. റിലീസിന് തിയേറ്ററുകളിലേക്കെത്താന്‍ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം. ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്.
കൂടാതെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും തനിക്കൊരു മികച്ച റോളുണ്ടെന്നാണ് ജിന്റോ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ മുഖം രജിസ്റ്റര്‍ ആയിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ജീവിതത്തിലെ വലിയ ആഗ്രഹമാണ് പൂവിട്ടിരിക്കുന്നതെന്ന് ജിന്റോ വ്യക്തമാക്കി. സിനിമയില്‍ അഭിനയിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. കപ്പ് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും ജിന്റോ ബിഗ്‌ബോസ് ഹൗസില്‍ പറഞ്ഞിട്ടുണ്ട്. പണമല്ല, കപ്പ് പിടിച്ച് ലാലേട്ടന്റെ കൈപിടിച്ച് നില്‍ക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ജിന്റോ പറഞ്ഞിരുന്നത്.