Movie News

അതിര്‍ത്തിയില്‍ നിന്നൊരു സൈനികന്‍ വെള്ളിത്തിരയില്‍ സജീവമാകുന്നു- A soldier from the border into Malayalam cinema

കൊച്ചി: രാജ്യസുരക്ഷ മാത്രം ശ്വാസമായി കൊണ്ടുനടക്കുമ്പോഴും സിനിമയെന്ന മോഹത്തിലേക്ക് മനസ്സും ജീവിതവും പകരുകയാണ് മനോജ് പയ്യോളി എന്ന സൈനികന്‍. ഇന്ത്യന്‍ അതിര്‍ത്തി സേനയില്‍ ആസാമില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ജോലി ചെയ്യുകയാണ് കോഴിക്കോട് പയ്യോളി സ്വദേശിയായ മനോജ്. സംഘര്‍ഷഭരിതമായ ഔദ്യോഗിക ജീവിതത്തിനിടയിലും മനസ്സ് നിറയെ സിനിമയാണ്. സിനിമാ മോഹവുമായി ഇറങ്ങിയതോടെ അദ്ദേഹം സിനിമയിലും സജീവമായിരിക്കുകയാണ്.

ചലച്ചിത്ര രംഗത്തെ നൂറ്കണക്കിന് പേരുടെ ഒരു കൂട്ടായ്മയായ ദേശാടനപക്ഷികള്‍ എന്ന സിനിമാഗ്രൂപ്പ് രൂപീകരിച്ചുകൊണ്ടായിരുന്നു മനോജിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്. ആ ബാനറില്‍ ഒരു ‘ന്യൂജെന്‍ ആദ്യരാത്രി’ എന്ന ഷോട്ട് ഫിലിമില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ചു. 2018 ലായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. പിന്നീട് 2019 ല്‍ ദേശാടനപക്ഷികളുടെ ബാനറില്‍ തന്നെ ‘അവള്‍ രാജലക്ഷ്മി’ എന്നൊരു ഒ ടി ടി സിനിമയും റിലീസ് ചെയ്തു. ഇപ്പോള്‍ ദേശാടനപക്ഷികള്‍ സിനിമാപ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ച് സിനിമ നിര്‍മ്മാണരംഗത്തേക്കും മനോജ് പയ്യോളി ഇറങ്ങിയിരിക്കുകയാണ്.

പുതുമുഖങ്ങളെ അണിനിരത്തി മനോജ് പയ്യോളിയുടെ ഭാര്യ സവിത മനോജ് നിര്‍മ്മാണ പങ്കാളിയാകുന്ന പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന സിനിമയുടെ ചിത്രീകരണം കോന്നിയില്‍ അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവ് പ്രവാസി മലയാളിയായ ഇടത്തൊടി ഭാസ്‌ക്കരനാണ്. നാടകരംഗത്ത് നിന്നാണ് മനോജ് പയ്യോളി കലാരംഗത്തേക്ക് വരുന്നത്. 1995-96 കാലഘട്ടത്തില്‍ വടകര മടപ്പള്ളി കോളേജില്‍ നിന്ന് നാടകമത്സരത്തില്‍ വിജയിയായിട്ടുണ്ട്. സിനിമയോടുള്ള പാഷനാണ് ഗൗരവമേറിയ ജോലിത്തിരക്കിനിടയിലും സിനിമയിലേക്ക് തന്നെ അടുപ്പിക്കുന്നതെന്ന് മനോജ് പയ്യോളി പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക, നല്ല സിനിമകള്‍ ഉണ്ടാവുക അതാണ് തന്റെ ലക്ഷ്യമെന്നും മനോജ് പയ്യോളി വ്യക്തമാക്കി.