Celebrities

‘പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം നേരെ പോയത് ആദ്യത്തെ കീമോ എടുക്കാന്‍’; ഹിന ഖാന് പിന്തുണയുമായി സാമന്ത-samantha shares hina khan’s instagram post

ന്യൂഡല്‍ഹി: ഹിന്ദി ടെലിവിഷന്‍ താരം ഹിന ഖാന് പിന്തുണയുമായി സിനിമ ലോകം. കഴിഞ്ഞ ദിവസം നടി തന്റെ അസുഖ വിവരം വെളിപ്പെടുത്തിയിരുന്നു. തനിക്ക് സ്തനാര്‍ബുദം ആണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നുമാണ് നടി വ്യക്തമാക്കിയത്. സ്തനാര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോളെന്നും നടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഹിന ഖാന്‍ പങ്കുവെച്ച മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം താന്‍ ആദ്യത്തെ കീമോയ്ക്കായി നേരെ ആശുപത്രിയിലേക്ക് പോയി എന്നാണ് ടിവി താരം കുറിച്ചിരിക്കുന്നത്. ആശുപത്രി വേഷത്തിലുളള ഒരു ചിത്രവും നടി പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി താരങ്ങളാണ് നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഏതാനും വര്‍ഷങ്ങളായി മയോസിറ്റിസ് എന്ന രോഗത്തിന് ചികിത്സയിലിരിക്കുന്ന സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭുവും അക്കൂട്ടത്തിലുണ്ട്. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഹിന ഖാന്റെ വീഡിയോ പങ്കുവെച്ചു. ”ഹിന ഖാന്‍, നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’, സാമന്ത കുറിച്ചു.

കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ഹിന ഖാന്‍ തന്റെ കാന്‍സര്‍ രോഗം വെളിപ്പെടുത്തിയത്. വെല്ലുവിളിയെ അതിജീവിച്ച് ആരോഗ്യത്തോട് കൂടിയും കൂടുതല്‍ ശക്തമായും തിരിച്ച് വരുമെന്നും ഹിന പറഞ്ഞിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. ‘എല്ലാവരുമായും പ്രധാനപ്പെട്ട ഒരു വാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സ്തനാര്‍ബുദം തേര്‍ഡ് സ്റ്റേജാണെന്ന് കണ്ടെത്തി. ഈ രോഗത്തെ അതിജീവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. വെല്ലുവിളികളോട് പോരാടി അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളില്‍ നിന്ന് പരിഗണനയും സ്വകാര്യതയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും അനുഗ്രഹത്തെയും ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കഥകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയാണെങ്കില്‍ ഈ യാത്രയില്‍ എനിക്ക് ഉപകാരപ്പെടും. ഞാന്‍ എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം നിന്ന് ഈ വെല്ലുവിളിയോട് പോരാടും. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും സ്നേഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, ഹിനാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹിന്ദി ടെലിവിഷന്‍ പരിപാടികളിലെ ജനപ്രിയ താരമാണ് ഹിന ഖാന്‍. ജനപ്രിയ ടെലിവിഷന്‍ സീരിയലായ യേ റിഷ്താ ക്യാ കെഹ്ലതാ ഹേയില്‍ അക്ഷരയായി അഭിനയിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. കസൗട്ടി സിന്ദഗി കേ 2 ന്റെ ഭാഗമായിരുന്നു നടി. എന്നാല്‍ കുറച്ച് മാസങ്ങളായി അവള്‍ ഷോയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.