Celebrities

‘ഇനി ഒരുമിച്ച് അഭിനയിക്കണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു’; രജനീകാന്തുമായുളള ആത്മബന്ധത്തെ കുറിച്ച് കമല്‍ ഹാസന്‍-Kamal Haasan On His Bond With Rajinikanth

ന്യൂഡല്‍ഹി: കമല്‍ഹാസനും രജനീകാന്തും തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളാണ്. അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പാടിത്താന്‍, 16 വയതിനിലെ, ഇളമൈ ഊഞ്ഞാല്‍ ആടുകിറത്ത്, തില്ലു മുള്ളു, നിനൈത്താലേ ഇനിക്കും തുടങ്ങി 16 ഓളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗെരാഫ്താര്‍ (1985) എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിലെത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

രജനികാന്തുമായി വീണ്ടും ഒന്നിക്കുമോ എന്നും ഭാവിയില്‍ ഇരുവരും സ്‌ക്രീന്‍ സ്പേസ് പങ്കിടുമോ എന്നുമുളള നിരവധി ചോദ്യങ്ങളാണ് ആരാധകരുന്നയ്ക്കുന്നത്. ഇപ്പോള്‍ ഇതാ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചിരുന്നു എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. തങ്ങള്‍ ഒരിക്കലും പരസ്പരം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു പുതിയ കോമ്പിനേഷനല്ല. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനിച്ചു. ഞങ്ങള്‍ മത്സരാര്‍ത്ഥികളെ പോലെയല്ല, ഞങ്ങളുടെ ഗുരുനാഥന്‍ ഒരാളാണ്(തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെ ബാലചന്ദര്‍). ഞങ്ങള്‍ ഒരിക്കലും പരസ്പരം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല’ കമല്‍ ഹാസന്റെ വാക്കുകള്‍. ഒരുമിച്ച് അഭിനയിക്കുന്നില്ലെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും പൊതു പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്.

1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ റീമേക്കായ ഇന്ത്യന്‍ 2 ആണ് കമല്‍ ഹാസന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. കമല്‍ഹാസനും സംവിധായകന്‍ എസ് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്ന് നിര്‍മ്മിച്ച ഇന്ത്യന്‍ 2, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലോകമെമ്പാടും 2024 ജൂലൈ 12 ന് റിലീസ് ചെയ്യും.