Travel

കാലസഞ്ചാരത്തിന് കടിഞ്ഞാണിട്ട മഹാബലേശ്വര ക്ഷേത്രം; ഗോകര്‍ണത്തെ പുണ്യഭൂമി | Mahabaleshwar Temple, the holy land of Gokarna

കന്യാകുമാരിയോളം പരിചിതമല്ല മലയാളിക്ക് ഗോകര്‍ണ്ണം . ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെയാണ് കടലില്‍ നിന്ന് മഴുവിനാല്‍ പരശുരാമന്‍ വീണ്ടെടുത്ത കേരളദേശം. കാനറ തീരത്തിന്റെ വടക്കാണ് ഗോകര്‍ണ്ണം. അവിടെയാണ് കാലസഞ്ചാരത്തിന് കടിഞ്ഞാണിട്ട മഹാബലേശ്വര ക്ഷേത്രം . ഇവിടുത്തെ പ്രതിഷ്ഠ “പ്രാണലിംഗം” എന്നപേരിലാണ് അറിയപ്പെടുന്നത്. അതുപോലെതന്നെ ഇത് ആത്മലിംഗം ആണന്നും വിശ്വസിക്കുന്നു. പ്രാചീനതയാണ് മഹാബലേശ്വര ക്ഷേത്രത്തിന്റെ മുഖമുദ്ര. പ്രത്യേകിച്ചൊരു ശില്പഭംഗിയും അവകാശപ്പെടാനില്ലാത്ത ക്ഷേത്ര മതില്‍ കെട്ടു കഴിഞ്ഞാല്‍ കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലായി. ശ്രീചക്രരൂപത്തില്‍ ഗോപുരം. പശുവിന്റെ ചെവി എന്നാണ് ഗോകർണ്ണം എന്ന വാക്കിനർത്ഥം .

ഭഗവാൻ ശിവൻ ഭൂമിദേവിയായ ഗോമാതവിന്റെ ചെവിയിൽ നിന്ന് ഇവിടെ വെച്ച് ഉദ്ഭവിച്ചു എന്നാണ് പറയപ്പെടുന്നത് . പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം.മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.നൂറ്റെട്ടു ശിവാലായങ്ങളിലെ ഏറ്റവും വടക്കുള്ള ക്ഷേത്രമാണിത്.രാവണനാൽ പൂജിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിൽ ഭക്തർ അറബിക്കടലിൽ കുളിച്ചതിനുശേഷം ആണ് ദർശനത്തിനു പോകുന്നത്. ഹിന്ദുമത പ്രകാരം കർണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിൽ ഒന്നാണ് ഗോകർണ്ണം. മറ്റ് ആറു സ്ഥലങ്ങൾ ഉഡുപ്പി, കൊല്ലൂർ, സുബ്രഹ്മണ്യ, കുംഭസി, കോടേശ്വര, ശങ്കരനാരായണ ആണ്.

തപപ്രീതിയാല്‍ പരമശിവനില്‍ നിന്ന് സമ്മാനമായി കിട്ടിയ ആത്മലിംഗവുമായി രാവണന്‍ ലങ്കയിലേക്കു പോകും വഴി സന്ധ്യാവന്ദനത്തിനായി ഗോകര്‍ണത്തിറങ്ങി. ആത്മലിംഗം രാവണനേകുന്ന പ്രഭാവം ഭയന്ന് ഗണപതി ഒരു ബാലന്റെ രൂപത്തില്‍ രാക്ഷസ രാജാവിനു മുന്നിലെത്തി. നിലത്തു വെയ്ക്കാന്‍ പാടില്ല എന്ന കരാറിന്‍മേല്‍ രാവണന്‍ ഗണപതിയെ ലിംഗം ഏല്‍പ്പിച്ചു. ഗണപതി അത് തീരത്ത് വെച്ചു. രാവണനുപോലും ഇളക്കിയെടുക്കാന്‍ പറ്റാതെ ലിംഗം ഗോകര്‍ണ്ണത്തുറച്ചു. മഹാബലത്തോടെ. പശുവിന്റെ ചെവിയുടെ ആകൃതിയില്‍ ആറടി നീളമുള്ള ലിംഗം ഭൂമിക്കടിയിലെ സാലിഗ്രാമപീഠത്തിനുള്ളിലാണുള്ളത്.  40 വര്‍ഷത്തില്‍ ഒരിക്കലെ അതു തുറക്കുകയുള്ളൂ. തുളസി നിറഞ്ഞ പീഠത്തിലെ കുഴിയില്‍ കാണുന്ന ലിംഗാഗ്രത്തില്‍ തൊട്ടു പ്രാര്‍ത്ഥിച്ചു. ക്ഷേത്ര കവാടം കടന്നാല്‍ തന്നെ എല്ലാ പാപങ്ങളും തീര്‍ന്ന് മോക്ഷം പ്രാപിക്കുമെന്നാണ് വിശ്വാസം. ആത്മലിംഗം പ്രതിഷ്ഠിച്ച് ഗണേശനും പശുക്കളും മറഞ്ഞത് ഗോഗർഭം എന ഭാഗത്താണെന്നാണ് വിശ്വസാം . കോടിതീർത്ഥം എന്നത് ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രക്കുളമാണ്. ഇവിടെ സ്നാനം ചെയ്താൽ കോടിപുണ്യങ്ങൾ ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രത്തിന് ത്രേതായുഗത്തോളം പഴക്കമുണ്ടെന്ന് ഐതിഹ്യം . ദ്രാവിഡീയ ശൈലിയിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മഹാശിവരാത്രി ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. കുംഭമാസത്തിൽ തിരുവോണം നക്ഷത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷെത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്. സിദ്ധിവിനായകനായാണിവിടുത്തെ ഗണപതി പ്രതിഷ്ഠ. രാവണനിൽ നിന്നും ആത്മലിംഗത്തെ രക്ഷിച്ചു പ്രതിഷ്ത നടത്തിയത് ഗണപതിയാണത്രേ. അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ. ക്ഷേത്രത്തിനു പിന്നിലെ ഇടുങ്ങിയ തെരുവു പിന്നിട്ടാല്‍ സുന്ദരമായ ഗോകര്‍ണ്ണ സമുദ്രതീരം. ബലിതര്‍പ്പണത്തിനായെത്തിയവരും, സഞ്ചാരികളും. ഗംഗാവലി, അഘനാശിനി നദികള്‍ പശുവിന്റെ ചെവിയുടെ രൂപത്തില്‍ ഒഴുകി ഇവിടെ പതിക്കുന്നു.