ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു യുട്യൂബറായ ജാസ്മിൻ ജാഫർ. മത്സരത്തിൽ മൂന്നാം സ്ഥാനമാണ് നേടാനായത്. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ കയ്യിലുള്ള ജാസ്മിനുമായുള്ള ചാറ്റ് അടക്കം അഫ്സൽ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ പിതാവിന്റെ ഫോൺ കോളുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ജാസ്മിൻ ജാഫർ. സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പുറത്ത് എനിക്ക് റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നത് സത്യമാണ്.
വൈൽഡ് കാർഡ് വന്നപ്പോഴാണ് ആ വ്യക്തിയുടെ 13 വോയ്സ് പുറത്ത് വന്നൂവെന്നും അതിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്നും ഞാൻ അറിഞ്ഞത്. അകത്ത് വെച്ച് ഇതൊക്കെ കേട്ടപ്പോൾ എനിക്കിനി കുടുംബമുണ്ടോയെന്ന് വരെ തോന്നി. ഡ്രസ് കൂടി വരാതെയായതോടെ എന്റെ ലൈഫ് മൊത്തം നശിച്ചെന്നാണ് ഞാൻ കരുതിയത്. അവിടെ നിന്നാണ് ഞാൻ സർവൈവ് ചെയ്തതും നൂറ് ദിവസം നിന്നതും.
ആ സമയത്ത് എനിക്ക് പിടിക്കാനുണ്ടായിരുന്ന ഒരേയൊരു കൈ ഗബ്രിയുടേതാണ്. അതുപോലെ സദാചാരം പറഞ്ഞവർ എന്നെ രക്ഷിക്കാൻ വേണ്ടിയല്ല അതൊന്നും പറഞ്ഞത് എന്നെ ഒന്ന് കുത്താൻ വേണ്ടിയാണ്. ഒരു പെൺകൊച്ച് ഇറങ്ങി എന്തെങ്കിലും ചെയ്യുന്നവെന്ന് കണ്ടാൽ അതൊരു പ്രശ്നമാണ്. മുമ്പും ബിഗ് ബോസിൽ വന്ന പലർക്കും റിലേഷൻഷിപ്പുണ്ടായിട്ടുണ്ട്.
പക്ഷെ എന്തുകൊണ്ട് അതൊന്നും പ്രശ്നമായില്ല? അത്തയുടെ (വാപ്പ) ഫോൺ കോൾ അവർ പുറത്ത് വിട്ടിട്ടില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. അത്തയാണ് എന്നെ വിളിച്ച് സംസാരിച്ചത്. ബ്ലോക്കുണ്ടെന്നും പറഞ്ഞു. അത് ഉള്ളതാണോ കള്ളമാണോയെന്ന് അറിയില്ല. അതുപോലെ ചിന്നു… ഒറ്റയ്ക്ക് നിന്ന് കളിക്ക് മോളെയെന്നും അത്ത പറഞ്ഞു.
ചിന്നുവെന്നുള്ള അവരുടെ ഇടറിയ വിളി കൂടി കേട്ടപ്പോൾ മനസിലായി. ഗബ്രിയുമായി കൂട്ടുകൂടി നിൽക്കുന്നത് കൊണ്ടാണോ അത്തയ്ക്ക് ബ്ലോക്ക് വന്നത് എന്നൊക്കെ ചിന്ത വന്നു. കാരണം ഞാൻ പോകുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ടാണ് ഗബ്രി അടുത്തേക്ക് വന്നപ്പോൾ പലവിധ ചിന്തകളും ഭയവും വന്നത്. ആ ഒരാഴ്ച എന്റെ മൈന്റ് മുഴുവൻ ചളമായിരുന്നു. അത് കഴിഞ്ഞ് ലാലേട്ടൻ വന്ന് സംസാരിച്ചപ്പോഴാണ് ഞാൻ ഓക്കെയായത്.
CONTENT HIGHLIGHT: jaffar-reacted-to-her-father-related-phone-call