മികച്ച പ്രേക്ഷകാഭിപ്രായമാണ് പ്രഭാസ് ചിത്രം ‘കൽക്കി 2898 എ.ഡി’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് തമിഴ്‍ നടൻ അർജുൻ ദാസ്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി ‘2898 എ.ഡി’ വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ‘മഹാനടി’ക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ, ശാശ്വത ചാറ്റർജി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്.
ചിത്രത്തിൻ്റെ സംവിധായകൻ നാഗ് അശ്വിൻ, നിർമാതാവ് സ്വപ്ന ദത്ത്, താരങ്ങളായ അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർക്ക് നന്ദി പറയുകയാണ് അർജുൻ ദാസ്. ചിത്രത്തിൻ്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ കൃഷ്ണൻ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് അർജുൻ ദാസായിരുന്നു. തിരക്കുകാരണം മറ്റ് ഭാഷകളിൽ ശബ്ദം നൽകാനായില്ലെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വെളിപ്പെടുത്തി.
‘കുറച്ച് ആഴ്‌ചകൾക്ക് മുൻപ് സ്വപ്ന എന്നെ വിളിച്ചു. കൽക്കിയിലെ ശ്രീകൃഷ്ണന് വേണ്ടി ഞാൻ ഡബ്ബ് ചെയ്യണമെന്നാണ് അവരുടെ ആഗ്രഹമെന്ന് അറിയിച്ചു. ആദ്യം എനിക്ക് അൽപ്പം മടി തോന്നി. പക്ഷേ പിന്നീട് അവർ രണ്ട് കാര്യങ്ങൾ എന്നോട് പറഞ്ഞു. ഒന്ന് “നിങ്ങൾ അമിതാഭ് ബച്ചനോട് സംസാരിക്കും”, രണ്ട് “ഞങ്ങളെ വിശ്വസിക്കൂ”. ഞാൻ ചെറുപ്പം മുതലേ അദ്ദേഹത്തിൻ്റെ ആരാധകനായിരുന്നു. സ്കൂളിലും കോളേജിലും അദ്ദേഹത്തിൻ്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഡബ്ബ് ചെയ്യാൻ അത് എന്നിൽ ഉണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു.
ഞാൻ ഹൈദരാബാദിലേ സ്റ്റുഡിയോയിൽ എത്തി, അമിതാഭ് ബച്ചൻ സാറിൻ്റെ ഡബ് ചെയ്ത പതിപ്പ് കേൾപ്പിക്കാൻ എൻജിനീയറോട് അഭ്യർഥിച്ചു. ബച്ചൻ സാറിൻ്റെ ശബ്ദം കേട്ട നിമിഷം മുതൽ അത് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. അദ്ദേഹത്തിൻ്റെ ഐതിഹാസിക ഡയലോഗുകൾ മാത്രമാണ് എൻ്റെ തലയിൽ അന്നേരം കേട്ടത്. പണ്ടൊക്കെ സ്കൂളിൽ അദ്ദേഹത്തിൻ്റെ ഡയലോഗുകൾ ഞാൻ സദസ്സിനോട് പറഞ്ഞു. ഇന്ന് അദ്ദേഹത്തിൻ്റെ ശബ്ദം ഞാൻ കേൾക്കുകയാണ്, അദ്ദേഹവുമായി സംഭാഷണങ്ങൾ പങ്കിടണം. എനിക്ക് സ്വബോധത്തിലേയ്ക്ക് തിരിച്ചെത്താൻ കുറച്ച് നേരം വേണ്ടി വന്നു, ഡബ്ബിങ് ആരംഭിച്ചു.
തിരക്കുള്ള ഷെഡ്യൂൾ ഉണ്ടായിരുന്നിട്ടും അടുത്ത മൂന്ന് ദിവസങ്ങളിൽ നാഗ് അശ്വിൻ വളരെ ശാന്തനായി എന്നോടൊപ്പമിരുന്ന് കാര്യങ്ങൾ പറഞ്ഞുതന്നു. നിർഭാഗ്യവശാൽ സമയക്കുറവ് കാരണം എനിക്ക് തെലുങ്കിലും ഹിന്ദിയിലും മാത്രമേ ഡബ് ചെയ്യാൻ സാധിച്ചുള്ളു. വളരെയധികം ക്ഷമയും ദയയും കാണിച്ചതിന് നാഗ് അശ്വിന് നന്ദി. നന്ദി സ്വപ്‌ന, നിങ്ങൾ ആഗ്രഹിച്ച കാര്യത്തോട് അൽപ്പമെങ്കിലും അടുത്തെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ശബ്ദം മനസ്സിലാക്കി എനിക്ക് മെസേജ് അയച്ച എല്ലാവർക്കു നന്ദി. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ചെറിയൊരു ഭാഗമാകാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. എല്ലാവർക്കും നന്ദി. ചെറിയ കുട്ടിയായിരുന്നപ്പോൾ, ബച്ചൻ സാറിനോട് ഒരു ഡയലോഗ് പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നന്ദി ടീം കൽക്കി. ആ കുട്ടിയുടെ മുഖത്ത് ജീവിതകാലം മുഴുവൻ പുഞ്ചിരിയുണ്ടാകും. എനിക്ക് ഒരു കെട്ടിടമുണ്ട്, ഒരു വസ്തുവുണ്ട്, ബാങ്ക് ബാലൻസ് ഉണ്ട്, ഒരു കാർ ഉണ്ട്, നിങ്ങൾക്ക് എന്താണ് ഉള്ളതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, എനിക്ക് ബച്ചൻ സാറുമായി ഒരു ഡയലോഗ് ഉണ്ട്’, അർജുൻ ദാസ് പറഞ്ഞു.
content highlight: dubbing-experience-in-kalki-movie