History

തിരുവിതാംകൂർ രാജാക്കന്മാർക്ക് വസ്ത്രങ്ങൾ നെയ്യാൻ എത്തിയ ശാലിഗോത്രം ; ബാലരാമപുരം കൈത്തറിയുടെ ചരിത്രം | History of Balaramapuram Handloom

ഒരുകാലത്ത് കോടികളുടെ വിദേശനാണ്യം തേടിത്തന്ന വ്യവസായമായിരുന്നു കൈത്തറി. പരമ്പരാഗതമായി കൈത്തറി നെയ്ത്തുള്ള സ്ഥലമാണ് ബാലരാമപുരം. രാജഭരണക്കാലത്ത് നാഞ്ചിനാട്ടിൽനിന്ന്‌ എത്തിച്ച നെയ്ത്തുകാർ താമസിക്കുന്ന ശാലിഗോത്ര തെരുവാണ് കൈത്തറിമേഖല. ഇവരിൽനിന്നാണ് മറ്റു സമുദായക്കാർ നെയ്ത്ത് അഭ്യസിച്ചത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേക്കു തുണിത്തരങ്ങള്‍ നെയ്യാനാണ് ശാലിഗോത്രര്‍ ഇവിടേക്കു കുടിയേറിയതെന്നാണു വിശ്വാസം. വൈദേശിക ആക്രമണത്തെ ഭയന്നു ബാലരാമവര്‍മ മഹാരാജാവ് കുതിരപ്പുറത്തുകയറി പദ്മനാഭപുരം കൊട്ടാരത്തിലേക്കു പലായനം ചെയ്തു. ശത്രുക്കള്‍ പിന്‍തുടര്‍ന്നപ്പോള്‍ അവിടെനിന്ന് യാത്ര തുടര്‍ന്നു.

കന്യാകുമാരിക്കും തിരുനെല്‍വേലിക്കും ഇടയ്ക്കുള്ള വള്ളിയൂര്‍ അഗസ്ത്യര്‍സ്വാമി ക്ഷേത്രത്തില്‍ അപ്പോള്‍ ചപ്രമെഴുന്നള്ളത്ത് നടക്കുകയായിരുന്നു. അഭയം അഭ്യര്‍ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാര്‍ ചപ്രത്തില്‍ ഒളിപ്പിച്ചു ജീവന്‍ രക്ഷിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തിയ മഹാരാജാവ് വള്ളിയൂരുെവച്ചുതന്നെ രക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചുവരാന്‍ ദിവാന്‍ ഉമ്മിണി തമ്പിയെ അയച്ചു. അഭയമേകിയവര്‍ ശാലിഗോത്രസമുദായക്കാരാണെന്നും അവര്‍ക്കു നെയ്ത്തില്‍ നല്ല പ്രാവീണ്യമുണ്ടെന്നും ദിവാന്‍ അറിയിച്ചു. അവരില്‍ 10 കുടുംബത്തെ 1808-ല്‍ ദിവാന്‍ നെയ്യാറ്റിന്‍കരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള അന്തിക്കാട്ടിലേക്കു കുടിയേറ്റി. അവരോടൊപ്പം വണിഗര്‍, വെള്ളാളര്‍, മുസ്ലീംകള്‍, മുക്കുവര്‍ എന്നീ നാലു ജാതിക്കാരെ കൂടി കൊണ്ടുവന്ന് അഞ്ചുവന്നത്തെരുവ് സ്ഥാപിച്ചു. പില്കാലത്ത് അന്തിക്കാട് മഹാരാജാവിന്റെ സ്മരണാര്‍ഥം ബാലരാമപുരം എന്നറിയപ്പെട്ടു.

പരമ്പരാഗത കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തും സമീപ പ്രദേശങ്ങളായ ഐത്തിയൂര്‍, കല്ലിയൂര്‍, പെരിങ്ങമ്മല, കോട്ടുകാല്‍, മഗലത്ത്‌കോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. അന്നൊക്കെ ഓണത്തിന് ബാലരാമപുരത്തെ പാക്കളങ്ങളില്‍ ഉത്സവ പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്. ബാലരാമപുരം കൈത്തറിക്ക് ട്രേഡ് മാർക്കും ഉണ്ടായിരുന്നു . ലോക പ്രശസ്തമായ ബാലരാമപുരം കൈത്തറി വസ്ത്ര നിര്‍മാണത്തിന് പ്രധാന പങ്ക് വഹിക്കുന്നത് ഇത്തരം പാക്കളങ്ങളാണ്. കൈത്തറി വസ്ത്ര നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘട്ടമാണ് പാവുണക്കല്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി.

പ്രകൃതിദത്തമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറിനെയ്ത്തിനായി ഉപയോഗിക്കുന്നത്. കഴിനൂല്‍ കോര്‍ത്തുകെട്ടി ചവിട്ടി നനച്ച് പാകപ്പെടുത്തുന്നു. അതിനെ അരടില്‍ ചുറ്റി താരാക്കി റാട്ടില്‍ ചുറ്റി പാവാക്കുന്നു. ഈ പാവിനെ പാക്കളങ്ങളില്‍ നിവര്‍ത്തുവിരിച്ചുകെട്ടി അരിപ്പശ തേച്ച്, തേങ്ങയെണ്ണ തടവി, വെയിലും മഴയുമേല്‍ക്കാതെ പുലര്‍ച്ചെ ഉണക്കിയെടുക്കുന്നു. ഈ പാവില്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത. ഇവയ്ക്ക് ഒരു പ്രത്യേകമണവും മിനുസവും ഉണ്ടായിരിക്കും. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകിട്ട് മൂന്ന് വരെ നീളും. ദിവസം മൂന്ന് പാവ് മാത്രമേ ഒരു കളത്തില്‍ ഉണക്കുവാന്‍ കഴിയുകയുള്ളൂ. ബാലരാമപുരം കൈത്തറിക്ക് പിന്നിലെ ഈ കഠിനാധ്വാനം പുറം ലോകത്ത് അധികമാരും അറിയാതെ പോകുന്നു. പാവുണക്കല്‍ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ഉല്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമല്ല.

ഇവയില്‍ പുളിയിലക്കരയും ഈര്‍ക്കില്‍ കസവും മാന്‍, മയില്‍, അരയന്നം, മണിവീണ മുതലായ ചിത്രങ്ങളും ചേര്‍ക്കുന്ന ചന്തം അനുപമമാണ്. ഈ ഡിസൈനുകള്‍ കൈകൊണ്ടാണ് മെനയുന്നത്.ഓടം എറിഞ്ഞു പിടിക്കുന്ന കുഴിത്തറികളിലും ഷട്ടില്‍ തറികളിലുമാണ് ഇവനെയ്യുന്നത്. 150 -ലെറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം.അന്യം നിന്നുപോകുന്ന ഈ തൊഴില്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ ഇവരുടെ കണ്ണീർ മാത്രം സർക്കാർ ഇതുവരെ കണ്ടിട്ടില്ല .