താര സംഘടനയായ അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അനൂപ് ചന്ദ്രന്‍. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അനൂപ് ചന്ദ്രന്‍ വിമർശിച്ചു.
‘അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.’ അനൂപ് ചന്ദ്രന്‍ പറയുന്നു.
അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്.
ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബനെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്.
പൃഥ്വിരാജിനെപ്പോലുള്ളവർ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവർക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു.
പുതിയ കമ്മിറ്റിയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണ്. ശ്രീമാന്‍ സിദ്ധീഖിനോടൊക്കെ പറയാനുള്ളത് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും നല്ലൊരു കമ്മിറ്റിയുണ്ട്. സ്വയം സന്നദ്ധരായി പ്രവർത്തിക്കാന്‍ മുന്നോട്ട് വന്ന വിനു മോഹന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ചേർത്തല ജയന്‍, ടിനി ടോം തുടങ്ങിയവരൊക്കെയുണ്ട്. എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘടനയ്ക്ക് വേണ്ടി ശ്രേഷ്ഠമായ പ്രവർത്തികള്‍ ചെയ്ത ആളുകളാണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
CONTENT HIGHLIGHT : Anoop-chandran-against fahadh-faasil