എം എം കീരവാണിക്ക് ഇന്ന് 63-ാം പിറന്നാള്‍. തൊണ്ണൂറ്റി അഞ്ചാമത് ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച മഹാപ്രതിഭ. എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് അദ്ദേഹത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കാലഭൈരവയും
രാഹുലും ചേര്‍ന്ന് പാടിയ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബില്‍ ചുംബിച്ച എം എം കീരവാണിയുടെ നാട്ടു നാട്ടു, പിന്നീട് ഓസ്‌കാര്‍ നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തുകയായിരുന്നു.
സംഗീതസംവിധായകന്‍ എം.എം.കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് ‘നാട്ടു നാട്ടു’വിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മൂന്നര പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് സജീവമായ എം.എം.കീരവാണി എന്ന സംഗീതജ്ഞനെ ഇപ്പോള്‍ രാജ്യമൊന്നടങ്കം ആദരവോടെ, അഭിമാനത്തോടെ നോക്കുന്നു. 1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധാന രംഗത്തെത്തിയെങ്കിലും ചിത്രം പുറത്തിറങ്ങാത്തതിനാല്‍ പാട്ടും ശ്രദ്ധ നേടിയില്ല. അതേ വര്‍ഷം മൗലിയുടെ മനസ്സ് മമത എന്ന പ്രേക്ഷകര്‍ക്കിടയില്‍ കീരവാണിയെന്ന പേരുറപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. തൊട്ടടുത്ത വര്‍ഷം ക്ഷണാ ക്ഷണം എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെ കീരവാണി ഇന്ത്യയുടെ ശ്രദ്ധ നേടി. മ്യൂസിക് ചാര്‍ട്ട് ബീറ്റുകളിലെങ്ങും കീരവാണി പാട്ടുകള്‍ നിറഞ്ഞ ആ നാളുകള്‍ക്കു ശേഷം പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇതുവരെ വിവിധ ഭാഷകളിലായി 220ലേറെ ചിത്രങ്ങള്‍ക്കു കീരവാണി ഈണമിട്ടു.
എം എം കീരവാണി എന്നറിയപ്പെടുന്ന കോഡൂരി മരകതമണി കീരവാണി സംഗീതസംവിധായക രംഗത്തും, പ്രൊഡ്യൂസറായും ഗായകനും ഗാനരചയിതാവായും പ്രവര്‍ത്തിച്ച് വരുന്നു. അദ്ദേഹം പ്രധാനമായും തെലുങ്ക് സിനിമയിലാണ് നിറസാന്നിധ്യം അറിയിച്ചിട്ടുളളത്. ഓസ്‌കാര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, ലാഫ്ക അവാര്‍ഡ്, എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ക്രിട്ടിക്സ് ചോയ്സ് മൂവി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു. 2023-ല്‍, ഇന്ത്യന്‍ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
2023ലെ ഓസ്‌കാറില്‍ നാട്ടു നാട്ടു പാട്ടിന്റെ ചരിത്രവിജയത്തിന് ശേഷം സംഗീതസംവിധായകന്‍ എംഎം കീരവാണി ‘മജീഷ്യന്‍’ എന്ന മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തുകയാണെന്ന പ്രത്യേകതയാണ് ഇതിനുളളത്. 1996-ല്‍ ‘ ദേവരാഗം ‘ എന്ന മലയാള ചിത്രത്തിലെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വളരെയധികം പ്രശംസ നേടുകയും വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. എസ്.പി.ബാലസുബ്രഹ്‌മണ്യം, കെ.എസ്. ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്. അതുപോലെ എസ്. എസ് രാജമൗലിയെന്ന അനന്തരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെ.