Celebrities

കീമോ തെറാപ്പിക്ക് മുന്‍പേ മുടി മുറിച്ച് നടി ഹിന ഖാന്‍; കാരണം ഇതാണ്..- Actress Hina Khan cut her hair before chemo therapy

ഹിന്ദി ടെലിവിഷന്‍ താരം ഹിന ഖാന്‍, തനിക്ക് സ്തനാര്‍ബുദം ആണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്തനാര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോളെന്നും നടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഹിന ഖാന്‍ പങ്കുവെച്ച മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കീമോതെറാപ്പി സെഷന് മുന്നോടിയായി മുടി മുറിക്കുന്ന വീഡിയോയാണ് ഹിന ഖാന്‍ പങ്കിട്ടിരിക്കുന്നത്. ഹെയര്‍കട്ടിനായി ഹിന കണ്ണാടിക്ക് മുന്നില്‍ ഇരിക്കുന്നതാണ് വീഡിയോ.

നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും അതൊടൊപ്പം ഉണ്ട്. ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കണമെന്നും താന്‍ വിജയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഹിന വ്യക്തമാക്കി. തങ്ങളുടെ അമ്മ ഒരിക്കല്‍ പോലും ഇതൊക്കെ കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും മുടി മുറിക്കുന്നത് കണ്ട് അമ്മ കരഞ്ഞ് പോയെന്നും കുറിപ്പില്‍ പറയുന്നു. ചില സമയത്ത് ഹൃദയസ്പര്‍ശിയായ വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു.

മുടി വീണ്ടും വളരും, പുരികങ്ങള്‍ തിരികെ വരും പാടുകളൊക്കെ മാറുകയും ചെയ്യും. പക്ഷേ നമ്മുടെ ആത്മാവ് എപ്പോഴും പൂര്‍ണമായി നമ്മോടൊപ്പം നിലനില്‍ക്കണമെന്നും നടി പറഞ്ഞു. തന്റെ ഈ അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഒരു പ്രേരണയായി തോന്നുകയാണെങ്കില്‍ അതാണ് തന്റെ വിജയം എന്നും അതിനു വേണ്ടിയിട്ടാണ് ഈ വീഡിയോസ് റെക്കോര്‍ഡ് ചെയ്യുന്നതെന്നും നടി പറഞ്ഞു. ‘ഒരുപക്ഷേ കീമോ തുടങ്ങി കഴിയുമ്പോഴേക്കും എന്റെ മുടി താനെ കൊഴിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. എന്റെ മുടി ആഴ്ചകളോളം കൊഴിഞ്ഞു പോകുന്നത് കണ്ട് മാനസികമായി ബുദ്ധിമുട്ടാന്‍ ഞാന്‍ തയ്യാറല്ല. അതിനു മുന്‍പ് തന്നെ ഞാന്‍ എന്റെ മുടി മുറിച്ചു. എന്റെ യഥാര്‍ത്ഥ കിരീടം എന്റെ തലയിലുള്ള ബാഹ്യമായ മുടിയല്ല, മറിച്ച് എന്റെ ധൈര്യവും എന്റെ ശക്തിയും എനിക്ക് എന്നോട് തന്നെയുള്ള സ്‌നേഹവുമാണ്. ഇപ്പോള്‍ മുറിച്ചിരിക്കുന്ന എന്റെ മുടി ഉപയോഗിച്ച് ഒരു മനോഹരമായ വിഗ് തയ്യാറാക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്’, തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള തന്റെ യാത്രയില്‍ ഒപ്പം കൂടെ നിന്ന സുഹൃത്തുക്കളെ പറ്റി പറയാനും നടി മറന്നില്ല.

കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ഹിന ഖാന്‍ തന്റെ കാന്‍സര്‍ രോഗം വെളിപ്പെടുത്തിയത്. വെല്ലുവിളിയെ അതിജീവിച്ച് ആരോഗ്യത്തോട് കൂടിയും കൂടുതല്‍ ശക്തമായും തിരിച്ച് വരുമെന്നും ഹിന പറഞ്ഞിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. ‘എല്ലാവരുമായും പ്രധാനപ്പെട്ട ഒരു വാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സ്തനാര്‍ബുദം തേര്‍ഡ് സ്റ്റേജാണെന്ന് കണ്ടെത്തി. ഈ രോഗത്തെ അതിജീവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. വെല്ലുവിളികളോട് പോരാടി അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളില്‍ നിന്ന് പരിഗണനയും സ്വകാര്യതയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തെയും അനുഗ്രഹത്തെയും ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കഥകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയാണെങ്കില്‍ ഈ യാത്രയില്‍ എനിക്ക് ഉപകാരപ്പെടും. ഞാന്‍ എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം നിന്ന് ഈ വെല്ലുവിളിയോട് പോരാടും. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും സ്‌നേഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, ഹിനാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.