‘ഭ്രമയുഗം’ സ്പൂഫ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളായിരുന്നു നടന്‍ ടിനി ടോം നേരിട്ടുകൊണ്ടിരുന്നത്. എന്നാല്‍ അതിനെല്ലാം വിരാമമിട്ടുകൊണ്ട് മമ്മൂട്ടി തന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടിനിടോം. സ്പൂഫ് കണ്ടശേഷം മമ്മൂട്ടി ബാക്ക് സ്റ്റേജില്‍ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് ടിനി ടോം പറഞ്ഞു. അതൊരു മഹാ ഭാഗ്യമാണെന്നും ടിനി കൂട്ടിച്ചേര്‍ത്തു.
‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാന്‍ സാധിച്ചതു മഹാഭാഗ്യമാണ്. ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്‌കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തില്‍ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്‌കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യം. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി.’ ടിനി പറഞ്ഞു.
മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമണ്‍ പോറ്റിയായി ടിനി ടോമിനെ ഒരുക്കിയത്. സ്പൂഫ് സ്‌കിറ്റ് സദസ്സിലിരുന്ന് ആസ്വദിക്കുകയായിരുന്നു മമ്മൂട്ടി. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരന്‍ മനയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഭ്രമയുഗം സിനിമയുടെ പശ്ചാത്തലത്തില്‍ രസകരമായി ടിന ടോമും സംഘവും അവതരിപ്പിച്ചത്. ടിനിക്കൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനും ചേര്‍ന്നാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. വനിത ഫിലിം അവാര്‍ഡ് വേദിയിലാണ് ടിനി കൊടുമണ്‍ പോറ്റിയായി എത്തിയത്. ടിനിയുടെ സ്‌കിറ്റിനെ വിമര്‍ശിക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമത്തില്‍ സജീവമായിരുന്നു. സംവിധായകന്‍ എം.എ. നിഷാദ് ടിനി ടോമിനെ ട്രോളി പോസ്റ്റിടുകയും ചെയ്തു.