കുറ്റിപ്പുറം : ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്‌സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍ക്ക് (43) ആണ് വയറിനു ഇഷ്ടികയേറു കൊണ്ടത്. തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-ന് ആണ് സംഭവം. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയതായിരുന്നു ഷറഫുദ്ദീന്‍ മുസ്ലിയാര്‍. സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്‍പത് കോച്ചിന്റെ വലതു ജനലിനടുത്തുള്ള സീറ്റിലാണ് അദ്ദഹം ഇരുന്നിരുന്നത്. ജനലിലൂടെ ഇഷ്ടികവന്ന് വീണത് അദ്ദേഹത്തിന്റെ വയറിനുമേലായിരുന്നു. അവിടെ വേദനയുണ്ടായെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ഷറഫുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.
സംഭവം നടന്ന ഉടനെ അദ്ദേഹം മൊബൈല്‍ ഫോണില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ആര്‍.പി.എഫിലും വിളിച്ച് പരാതിപ്പെട്ടു. ഷൊര്‍ണൂര്‍ ആര്‍.പി.എഫ്. അധികൃതര്‍ ഷറഫുദ്ദീന്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആര്‍.പി.എഫ്. അന്വേഷണം തുടങ്ങി.