എമിറേറ്റിൽ താമസക്കാരായ പ്രവാസികൾക്ക് വിസ പുതുക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കൽ പരിശോധന ഇനി വീട്ടിൽവെച്ച് തന്നെ പൂർത്തിയാക്കാം. വി.എഫ്.എസ് ഗ്ലോബലും എ.എം.എച്ചും ചേർന്ന് ഇതിനായി ‘മെഡിക്കൽ എക്സാമിനേഷൻ ഡോർസ്റ്റെപ് സർവിസ്’ എന്ന പേരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്.
ദുബൈയിൽ റെസിഡന്റ്സ് വിസയുള്ളവർക്ക് വിസ പുതുക്കുമ്പോഴാണ് സേവനം ലഭ്യമാകുക. ഇതോടെ, മെഡിക്കൽ സെന്ററിൽ പോയി കാത്തുനിന്ന് മെഡിക്കൽ പൂർത്തിയാക്കേണ്ടി വരില്ല. തിരക്കേറിയവർക്കും മുതിർന്നവർക്കും അടക്കം വലിയ രീതിയിൽ സേവനം പ്രയോജനപ്പെടും. ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ലഭിക്കുന്ന കാറ്റഗറി-എ വിസയുള്ളവർക്കാണ് പ്രത്യേകമായി ഈ സേവനം ലഭിക്കുക.
ഓൺലൈനായും ഓഫ്ലൈനായും വീട്ടിലോ ഓഫിസിലോ ഇരുന്ന് സേവനത്തിന് ബുക്ക് ചെയ്യാവുന്നതാണ്. വി.എഫ്.എസ് ഗ്ലോബൽ വെബ്സൈറ്റ് സന്ദർശിച്ച് ‘മെഡിക്കൽ എക്സാമിനേഷൻ ഡോർസ്റ്റെപ് സർവിസ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കാനാകും.
ഓൺലൈൻ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഇ-മെയിൽ വഴി കൺഫർമേഷനും പേമെന്റ് അടക്കാനുള്ള ലിങ്കും ലഭിക്കും. പേമെന്റ് പൂർത്തിയായാൽ വി.എഫ്.എസ് ഗ്ലോബൽ ടീമംഗങ്ങൾ ഉപഭോക്താവ് നൽകിയ ലൊക്കേഷനിലെത്തി ആവശ്യമായ മെഡിക്കൽ നടപടികൾ സ്വീകരിക്കും. ‘മെഡിക്കൽ എക്സാമിനേഷൻ ഡോർസ്റ്റെപ്പ് സർവിസ്’ നടപ്പാക്കാൻ എ.എം.എച്ചുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണെന്നും അസാധാരണമായ ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്നതിനുള്ള വി.എഫ്.എസ് ഗ്ലോബലിന്റെ പ്രതിബദ്ധതയെ ഈ സംരംഭം അടിവരയിടുന്നതായും വി.എഫ്.എസ് ഗ്ലോബലിലെ മെഡിക്കൽ സർവിസസ് ആൻഡ് സ്പെഷൽ പ്രോജക്ടുകളുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ അതുൽ മർവ പറഞ്ഞു.