തിരുവനന്തപുരം നഗരത്തില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെയായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു എര്‍ത്ത് ഡാമാണ് മാമ്പഴതുറയാര്‍. തമിഴ്നാട് അവസാനമായി നിര്‍മ്മിച്ചതാണ് എന്ന ഒരു പ്രത്യേകതയും ഈ ഡാമിനുണ്ട്. 2011-ലാണ് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡാം അടുക്കാറാകുമ്പോള്‍ തന്നെ മനോഹരങ്ങളായ കാഴ്ചകള്‍ ചുറ്റും വന്ന് നിറയുന്നത് പോലെ തോന്നും. റോഡിന്റെ വലതുവശത്തായി ഡാമിലെ വെള്ളം ഒഴുകിപ്പോകുന്ന കനാല്‍. ഇടതുവശത്ത് കൃഷിസ്ഥലങ്ങളാണ്. വാഴകളും നെല്ലും കൃഷി ചെയ്തിരിക്കുന്നതായി കാണാം.
മുന്നിലായി മലകള്‍ ഉയര്‍ന്നു നില്ക്കുന്നു. ഈ മലനിരകള്ക്കുമുണ്ട് ഒരു പ്രത്യേകത. പശ്ചിമഘട്ടത്തിലെ 39 സൈറ്റുകളെ യുനെസ്കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ മലകളും അതില്‍പ്പെടുന്നു.
യാത്ര ചെയ്തു കൊണ്ടിരിക്കുന്ന റോഡില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കയറുമ്പോള്‍ പ്രവേശനകവാടം കാണാം. അവിടെയെത്തി വെറുതെ കുറെ സമയം നോക്കി നിന്നാല്‍ മതി, മേഘങ്ങളിറങ്ങിവന്ന് മലകളെ തൊടുന്നത് കാണാം, അതും തൊട്ടു മുന്നില്‍, കയ്യെത്തും ദൂരത്ത്. മലനിരകള്‍ ആകാശത്തോളം ഉയരുകയാണോ അതോ ആകാശം മലനിരകളിലേയ്ക്കിറങ്ങി വരികയാണോ എന്ന് തോന്നിക്കും വിധം മേഘങ്ങള്‍ വന്നുമൂടുന്ന മലനിരകള്‍.
ഇവിടുത്തെ കാലാവസ്ഥ മിക്കപ്പോഴും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തതാണ്. കാരണം ഏതു നിമിഷം വേണമെങ്കിലും ഇവിടെ മഴപെയ്യാം. ഒരുപക്ഷേ വെയിലത്ത് നടന്നു കയറി വന്ന നമ്മള്, മഴയത്ത് തിരിച്ചു നടന്നു പോകേണ്ടി വന്നേക്കാം.
വെയിലും മഴയും, മഞ്ഞും ഇടകലര്‍ന്ന് കിടക്കുന്ന ഇവിടുത്തെ മലനിരകള്‍ ഒരു പ്രത്യേക അനുഭവമാണ്. കന്യാകുമാരിയിലോ വേളിമലയിലെ കുമാരകോവിലിലോ വരുന്നവര്‍ ഈ സ്ഥലം തീര്‍ച്ചയായും കണ്ടിരിക്കണം. അത്രയ്ക്ക് മനോഹരമാണ്.
നാഗര്‍കോവില്‍ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ റോഡിനുകുറുകെ കടന്നുപോകുന്ന വില്ലുക്കുറിയിലെ അക്വാഡക്റ്റ് കണ്ടിട്ടുണ്ടാവും. അതിനു തൊട്ടുമുന്നെ ഇടത്തേയ്ക്ക് തിരിയണം. ശേഷം മൂന്നര കിലോമീറ്റര്‍ മുന്നോട്ട് പോകുക. മാമ്പഴതുറയാര്‍ മുന്നില്‍ കണ്ടുകൊണ്ട് പോകാം പിന്നീടങ്ങോട്ട്.