ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സൈബർ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിൻ.
”സൈബർ ബുള്ളിയിംഗ് എന്നേക്കാൾ നേരിട്ടത് എന്റെ വീട്ടുകാരാണ്. എന്റെ ഉമ്മയും അത്തയും എന്നോട് പറഞ്ഞത് ഞങ്ങൾ ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചുവെന്നാണ്. അങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഇപ്പോഴും വരുന്ന കമന്റുകൾ നിന്റെ കയ്യിലിരിപ്പു കൊണ്ടല്ലേ എന്നാണ്. പറയാൻ ഭയങ്കര എളുപ്പമാണ്” ജാസ്മിൻ പറയുന്നു.
അതിന് അകത്തു പോയി, പുറത്ത് നടക്കുന്നത് എന്തെന്ന് അറിയാതെ നൂറ് ദിവസം, അവിടെയുള്ളവരുടെ പുച്ഛവും വെറുപ്പും പരിഹാസവും കിട്ടി, പുറത്തു നിന്നും വന്നവരും നമ്മളെ പിച്ചിചീന്തി, അതിന് പുറമെ സോഷ്യൽ മീഡിയയും, ഇതൊക്കെ താണ്ടിയാണ് വരുന്നത്. ഞാൻ അവിടെ നേരിടുന്നത് പത്ത് പതിനെട്ട് മത്സരാർത്ഥികളെയാണ്. പക്ഷെ എന്റെ വീട്ടുകാർ നേരിടുന്നത് ലക്ഷക്കണക്കിന് ആളുകളെയാണെന്നാണ് ജാസ്മിൻ പറയുന്നത്.
എന്റെ ഉമ്മ പഞ്ചപാവം സ്ത്രീയാണ്. ഇതൊക്കെ നേരിടാനുള്ള കരുത്തൊന്നും അവർക്കില്ല. എന്റെ ഉമ്മ എങ്ങനെ ഇതൊക്കെ നേരിട്ടുവെന്ന് എനിക്ക് അറിയില്ല. ഈ പറയുന്ന വ്യക്തികൾ എന്റെ അത്തയെ പ്രഷർ ചെയ്യുകയായിരുന്നു. റീലുകൾ ഇത്തയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. വൃത്തികെട്ട ബിജിഎമ്മൊക്കെ കേറ്റുകയായിരുന്നു. സത്യം പറഞ്ഞു കൊടുത്താലും ഇവർക്കൊന്നും മനസിലാകില്ല. അവർ കാണുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. അതിന്റെ തുടക്കവും ഒടുക്കവും കണ്ടിട്ടുണ്ടാകില്ലെന്നും താരം പറയുന്നു.
എന്റെ അത്ത ഒരുപാട് സ്ട്രഗിൾ ചെയ്തു. ഒരു ഘട്ടം എത്തിയപ്പോൾ അത്ത പോയി ചാകട്ടെ എന്ന അവസ്ഥയിലെത്തി. അത്ത സഹികെട്ട് പലരേയും ചീത്തവിളിച്ചു. എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. ഒരു പരിധി കഴിയുമ്പോൾ കൈ വിട്ടു പോകും. ഞാനാണെങ്കിലും പറഞ്ഞു പോകും. ഇതിനിടെ ഇവർ ചെന്നൈയിലെ സെറ്റിൽ പോയി പ്രശ്‌നമുണ്ടാക്കെന്ന് പ്രഷർ ചെയ്യുന്നുമുണ്ടായിരുന്നു. അത്രയും സൈബർ ബുള്ളിയിംഗ് നേരിട്ടുവെന്നും ജാസ്മിൻ പറയുന്നു.
മോളെ വിറ്റ് കാശുണ്ടാക്കുന്നുവെന്നാണ് പറയുന്നത്. എന്താണ് മോളെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറയുന്നത്? എന്താണ് ഇത്രയും വൃത്തികേടായി കണ്ടത്. എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവർ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ കുഞ്ഞ് അനിയനു പോലും അവർ വീഡിയോ അയച്ചു കൊടുക്കുമായിരുന്നു. റിലേഷൻപ്പിലുണ്ടായിരുന്നു എന്ന് പറയുന്ന പയ്യൻ എന്റെ അനിയന് ഓരോ വീഡിയോ അയച്ചു കൊടുക്കുമായിരുന്നു. സൈക്കോ ആണോ? എന്നാണ് ജാസ്മിൻ ചോദിക്കുന്നത്.
എന്നെ സൈബർ ബുള്ളിയിംഗ് ചെയ്തതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് വീട്ടുകാർ അനുഭവിച്ചത് ഓർത്താണ്. പലരും പറയുന്നത് കേട്ടു ഇവൾ വീട്ടുകാരെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന്. ഞാൻ ചിന്തിച്ചിട്ടില്ലെന്ന് അവർക്കെങ്ങനെ പറയാനാകും. അവർ കണ്ടിട്ടില്ല എന്ന് വേണമെങ്കിൽ പറഞ്ഞോളൂ. പക്ഷെ ഞാൻ ചിന്തിച്ചിട്ടില്ലെന്ന് പറയരുതെന്നും ജാസ്മിൻ തുറന്നടിക്കുന്നു.
content highlight: Jasmine-says-about-cyber-attack