അമ്മയുടെ സ്നേഹം പോലെ നന്മ… 80 കളിൽ ജനിച്ചു വളർന്നവർ അത്രപെട്ടെന്ന് മറക്കാനിടയില്ലാത്ത പരസ്യമാണ് അമുലിന്റേത് . അത് ഏറെകുറെ സത്യമായിരുന്നു താനും. ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ മാതൃകാ സ്ഥാപനം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് അമുൽ എന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്. ഒരു സഹകരണ സംഘമായിട്ടാണ് “അമുല്‍’ സ്ഥാപിക്കപ്പെട്ടത്. ആ സഹകരണ സംഘത്തിലെ അംഗങ്ങളായ 36 ലക്ഷം ക്ഷീരകര്‍ഷകരാണ് ‘അമുലി’ന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍. ഗുജറാത്തിലെ ക്ഷീര കർഷകർ വലിയ പ്രതിസന്ധി നേരിടുകയും വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം ഉണ്ടാകുകയും ചെയ്തതോടെ സർദാർ വല്ലഭ്ഭായ് പട്ടേൽ, മൊറാർജി ദേശായി, ത്രിഭുവൻദാസ് പട്ടേൽ എന്നിവർ മുൻകയ്യെടുത്താണ് 1946 ഡിസംബർ 14 നു അമുൽ ക്ഷീരോൽപാദക സഹകരണ സംഘം രൂപീകരിച്ചത് . “അമുല്‍” സൃഷ്ടിക്കുന്ന ലാഭവിഹിതം കര്‍ഷകരുടെ ജീവിതനിലവാരത്തെയാണ് ഉയര്‍ത്തുന്നത്.
അമുലിനെ കുറിച്ച് പറയുമ്പോൾ ചേർത്ത് പറയേണ്ട മറ്റൊരു പേര് കൂടിയുണ്ട് , വർഗീസ് കുര്യൻ എന്ന കോഴിക്കോടുകാരന്റെ .ക്ഷീര കർഷകരെ ഒന്നുമില്ലായ്മയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഈ കോഴിക്കോട്ടുകാരൻ നടത്തിയ പ്രയത്നമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന പദവി സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച, പാശ്ചാത്യ വിദ്യാഭ്യാസം നേടിയ, സാംസ്‌കാരികമായി വ്യത്യസ്തതകളുള്ള മറ്റൊരു സംസ്ഥാനത്തില്‍ നിന്നും വന്ന തനിക്ക് ഗുജറാത്തിലെ കര്‍ഷകരുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്, താന്‍ സൃഷ്ടിച്ച “അമുല്‍” എന്ന വ്യവസായ സ്ഥാപനത്തെ ഇത്ര വലിയ ഒരു വിജയ കഥയായി മാറ്റാന്‍ കഴിഞ്ഞത് എന്നദ്ദേഹം പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു.
ഉപരിപഠനം കഴിഞ്ഞെത്തിയ വർഗീസ് കുര്യനെ ഗുജറാത്തിലെ ആനന്ദ് എന്ന കുഗ്രാമത്തിലേക്കാണ് സർക്കാർ നിയോഗിച്ചത്.8 മാസം കൊണ്ട് തന്നെ അവിടെ നിന്ന് രാജിവെച്ചു രക്ഷപെടാൻ ശ്രമിച്ച വർഗീസ് കുര്യൻ അവിചാരിതമായാണ് ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ക്ഷീരകർഷകരെ രക്ഷിക്കുന്നതിനുള്ള ഒരു മഹാ മുന്നേറ്റത്തിന്റെ ഭാഗമായി മാറിയത്. ഒന്നുമില്ലായ്മകളിൽ വലഞ്ഞ ക്ഷീരകർഷകരുടെ ഒരുമിച്ച് കൂട്ടി അവരെ ശക്തിപ്പെടുത്തി 1957ഇൽ അമൂൽ എന്ന ബ്രാൻഡിന് തുടക്കമിടാൻ അദ്ദേഹത്തിന് സാധിച്ചു. പാൽപ്പൊടിയും, കണ്ടൻസ്ഡ് മിൽക്കും വികസിപ്പിച്ചതോടെ കുത്തക ബ്രാൻഡുകളോട് മത്സരിച്ച് പിടിച്ചുനിൽക്കാൻ അമൂലിനു സാധിച്ചു. കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിക്കപ്പെട്ടു. അമൂലിന്റെ വിജയ പാഠങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനും ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന നേട്ടം ഇന്ത്യക്ക് കൈവരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചു.
ഇന്ത്യന്‍ കാര്‍ഷികരംഗത്തില്‍ വേണ്ട മൗലികമായ മാറ്റങ്ങളെപ്പറ്റി കുര്യന് വ്യക്തമായ ചില ധാരണകളുണ്ടായിരുന്നു. കോര്‍പ്പറേറ്റ് സംവിധാനത്തെ നിരാകരിക്കുമ്പോഴും, കോര്‍പ്പറേറ്റ് സംസ്ക്കാരത്തിന്‍റെ ഗുണപരമായ പല വശങ്ങളും അംഗീകരിക്കാന്‍ അദ്ദേഹം മടി കാണിച്ചില്ല. അറിവി നും ആശയങ്ങള്‍ക്കും അതിരുകള്‍ പാടില്ല എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അങ്ങനെ ബ്രാന്‍ഡിങ്, ടെക്നോളജി, മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ് റിസര്‍ച്ച്, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലെല്ലാം വന്നുകൊണ്ടിരിക്കുന്ന നവീനാശയങ്ങളും പ്രയോഗങ്ങളും ‘അമുലി”ന്റെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും അദ്ദേഹം പ്രയോജനപ്പെടുത്തി . ഇന്ത്യയുടെ പാൽക്കാരൻ എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കിയതും ഏറെ പ്രയ്തനങ്ങൾക്ക് ശേഷമാണ്. ഡോ. കുര്യന്റെ പ്രശസ്തി ലോകമെങ്ങും എത്തിയതോടെ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, നെതര്‍ലന്‍ഡിലെ ബിയാട്രിക് രാജകുമാരി, ബ്രിട്ടീഷ് പ്രധാനമന്ത്രി ലോര്‍ഡ് ജെയിംസ് കലിഗണ്‍ തുടങ്ങിയവര്‍ ആനന്ദിന്റെ അതിഥികളായി. പാകിസ്താനെയും ശ്രീലങ്കയെയുംപോലെ പല രാജ്യങ്ങളും ആനന്ദ് മാതൃകയും എന്‍.ഡി.ഡി.ബി.ധനസഹായവും സ്വീകരിച്ചിട്ടുണ്ട്. ചൈനയില്‍ ആനന്ദ് മാതൃക ആരംഭിക്കാനുള്ള ആദ്യ ദൗത്യസംഘത്തിന്റെ ദേശീയ ക്ഷീരവികസന ബോര്‍ഡ് അംഗമാകാനുംഇദ്ദേഹത്തിന് അവസരം ലഭിച്ചു.
നിരവധി ബഹുമതകൾക്കുടമയാണ് വർഗീസ് കുര്യൻ. 1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ച ഇന്ത്യയുടെ പാല്‍ക്കാരന്‍ 2012 സെപ്റ്റംബർ 9-ന് വിട പറഞ്ഞു. ഗുജറാത്തിലെ ആനന്ദ്, കൈറ, മാഹി ഡഗർ എന്നിവിടങ്ങളിലായി 18,554 ഗ്രാമങ്ങളിലെ 3.6 ദശലക്ഷം കർഷകർ ഇന്നു അമുൽ സംഘത്തിലെ ക്ഷീരോൽപാദകരാണ്. 2020 ലെ കണക്ക് അനുസരിച്ച് 20.4 ദശലക്ഷം ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന സംഘത്തിന്റെ വരുമാനം 38,550 കോടി രൂപയാണ് . ഇന്ന് 40,000 കോടി രൂപയുടെ വാര്‍ഷികാദായവും നൂറിലേറെ ഉല്പന്നങ്ങളുമായി “അമുല്‍” ലോകത്തിലെ തന്നെ ക്ഷീരവ്യവസായ സ്ഥാപനങ്ങളുടെ നിരയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അമുല്‍ ബ്രാ൯ഡുകള്‍, പാലും വെണ്ണയും തൈരും മോരും ഐസ്ക്രീമും ചോക്ക്‌ളേറ്റും ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങളായി മാറിയിരിക്കുന്നു. അതോടൊപ്പം വര്‍ഗീസ് കുര്യന്‍ ആരംഭിച്ച “ധവള വിപ്ളവം’ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പന്ന രാജ്യമാക്കി മാറ്റിയിരിക്കുന്നു.