History

കേരളം നടുങ്ങിയ ക്രൂര കൊലകൾ; ആരായിരുന്നു റിപ്പര്‍ ചന്ദ്രന്‍ എന്ന മരണദൂതൻ | Who was Ripper Chandran?

80-കളിൽ ഉത്തര കേരളത്തെ വിറപ്പിച്ച കുപ്രസിദ്ധനായ മരണദൂതൻ. ഇരുട്ടിന്റെ മറവിൽ ആയുധവും കയ്യിലേന്തി വരുന്ന മരണദൂതനെ ഭയന്ന് കാസർ​ഗോഡിലേയും കണ്ണൂരിലേയും തെക്കൻ‌ കർണാടകയിലേയും ജനങ്ങൾക്ക് ഉറക്കം നഷ്ടമായി. അയാളൊരു ജാലവിദ്യക്കാരനാണെന്നും പലയിടങ്ങളിലും ഒരേ നേരത്തയാൾ പ്രത്യക്ഷപ്പെടുമെന്നും കഥയിറങ്ങി. ഈ കഥകളിലെ നായകൻ അല്ല വില്ലൻ വെറും വില്ലനല്ല കൊടും ക്രൂരനായ വില്ലൻ. കേരളം കണ്ടിട്ടുള്ളതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും വലിയ ക്രിമിനല്‍ എന്നറിയപ്പെടുന്ന റിപ്പര്‍ ചന്ദ്രൻ. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ കൂടാതെ കർണാടക അതിർത്തികളിൽ പോലും 1980കളിലെ രാത്രികളും പകലുകളും റിപ്പര്‍ ചന്ദ്രന്റെ പേരില്‍ ഭയപ്പെട്ടു കഴിഞ്ഞിരുന്നു.

 

തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്തുകൂട്ടിയത്. മലബാറിന്റെ ഇരുട്ടും ഭയവുമായിരുന്നു ഒരു കാലത്ത് മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍. അനേകം കൊലപാതകങ്ങളില്‍ മുഖ്യപ്രതിയായ ചന്ദ്രനെ അവസാനം പോലീസ് പിടികൂടി, കോടതി തൂക്കികൊല്ലാന്‍ വിധിച്ചു. തൂക്കിക്കൊല്ലുന്ന നിമിഷത്തില്‍ അവസാന ആഗ്രഹമെന്ത് എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു: ‘എനിക്കെന്റെ അമ്മയെ കാണണം’. ആ ആഗ്രഹം കോടതി സാധിച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. ആ പിടുത്തം മുറുകി. അല്‍പ നിമിഷത്തിനകം അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയാണ് എല്ലാവരും കേട്ടത്. പൊലീസുകാര്‍ ഓടിവന്ന് ചന്ദ്രന്റെ പിടുത്തത്തില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി. അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ‘മരണം മുന്നില്‍ വന്നു നില്‍ക്കുന്ന ഈ അവസാന നിമിഷത്തില്‍ പോലും നീ ഇത്ര ക്രൂരത കാണിച്ചല്ലോ, സ്വന്തം അമ്മയോട്പോലും!’ എന്ന് മുതുകത്തിടിച്ച് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടെ, ഇടറിയ ശബ്ദത്തോടെ ചന്ദ്രന്‍ പറഞ്ഞു: ‘ഈ തള്ളയാണ്! ഈ തള്ളയാണ് എന്റെ ഈ അവസ്ഥക്ക് കാരണം.

ചെറുപ്പത്തില്‍ ഞാന്‍ ചെയ്ത ചെറിയ ചെറിയ കള്ളത്തരങ്ങള്‍ എന്നില്‍ നിന്ന് വിലക്കാതെ എനിക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇവര്‍ ചെയ്തത്. കൂട്ടുകാരുടെ പേനയും പുസ്തകവുമൊക്കെ മോഷ്ടിിച്ച് വീട്ടിലെത്തുമ്പോള്‍ എന്നെ തിരുത്താതെ വീണ്ടും അത്തരം തെറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് ഇവരാണ്. അത് പിന്നീട് വലിയ കളവുകളിലേക്കും കള്ളത്തരങ്ങളിലേക്കും ഈ അവസ്ഥയിലേക്കും എന്നെ എത്തിച്ചു’ – ഇതായിരുന്നു റിപ്പർ ചന്ദ്രൻ. സ്വന്തം കുടുംബത്തെ പോലും സുരക്ഷിതമായി മറ്റൊരിടത്തയേക്ക് മാറ്റിയ ശേഷമാണ് പോലീസുകാർ റിപ്പർ ചന്ദ്രനെ തേടിയിറങ്ങിയത് . തല ചിന്നിച്ചിതറുമ്പോൾ ഉള്ള നിലവിളി അതാണ് തന്നെ മദോന്മത്തനാക്കുന്നതെന്നായിരുന്നു ചന്ദ്രൻ പോലീസുകാരോട് പറഞ്ഞത് . ലണ്ടനിൽ നിരവധി പേരെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ ‘ജാക്ക്‌ ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട്‌ സാമ്യമുള്ളതിനാലാണ്‌ ചന്ദ്രന്‌ റിപ്പർ എന്ന അപരനാമം കിട്ടിയത്‌.

ചന്ദ്രന്‍ തളിപ്പറമ്പിലെ ഒരു സ്ത്രീയെ നിഷ്ഠൂരമായി വധിച്ചത് നേരില്‍ കണ്ട സ്ത്രീയുടെ പിഞ്ചുബാലന്‍ പോലീസിന് നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ചന്ദ്രന്‍ പിടിക്കപ്പെടുന്നത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ ഇടത്താവളമൊരുക്കിയിരുന്ന റിപ്പര്‍ ചന്ദ്രനെ പിടികൂടാൻ കേരള- കര്‍ണ്ണാടക സര്‍ക്കാരുകളും പൊലീസും ഒരുപോലെ ശ്രമിച്ചിരുന്നു. ചന്ദ്രന്‍ എന്ന മുതുകുറ്റി ചന്ദ്രനാണ് ഈ റിപ്പര്‍മോഡല്‍ ആക്രമത്തിനു പിന്നിലെന്ന് തിരിച്ചറിയപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായിരിക്കെപ്പോലും റിപ്പര്‍ തന്റെ കൃത്യവുമായി ഈ പ്രദേശങ്ങളില്‍ത്തന്നെയുണ്ടായിരുന്നു. ആ സമയത്താണ് രണ്ട് കൊലപാതകങ്ങള്‍കൂടി നടത്തുന്നത്. ഒടുവിൽ റിപ്പറെ പൊലീസ് അറസ്റ്റു ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ജയിലില്‍ മനോനില തകര്‍ന്നവനെപ്പോലെ പെരുമാറിയ റിപ്പര്‍ ചന്ദ്രൻ എന്ന കരിന്തളം ചന്ദ്രനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് തൂക്കിക്കൊന്നു.