Celebrities

‘നായികമാര്‍ എന്നെ ഛന്നംപിന്നം റിജക്ട് ചെയ്ത സമയമുണ്ട്’: വിനയ് ഫോര്‍ട്ട്-Vinay Fort about his worst experience in cinema

സിനിമ രംഗത്തുനിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ചു നടന്‍ വിനയ് ഫോര്‍ട്ട്. സ്‌ക്രിപ്റ്റ് നല്ലതായിട്ടും വിനയ് ഫോര്‍ട്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ നായികമാര്‍ പ്രൊജക്റ്റ് വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇന്റര്‍വ്യൂവിന് ഇടയിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പല നായികമാരും തന്റെ പേര് കേട്ട് ഉടനെ തിരക്കഥ റിജക്ട് ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി എന്നും 15 കൊല്ലമായി സിനിമയില്‍ എത്തിയിട്ട്, മറ്റൊന്നും അവകാശപ്പെടാനില്ലെന്നും ഉള്ളിലുള്ള സ്പിരിറ്റിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഭാവനയെ പോലെയുള്ള ഒരു സീനിയറായ ആര്‍ട്ടിസ്റ്റ് തന്റെ കൂടെ നായികയായി വന്ന് അഭിനയിച്ചെന്നും അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ വലിയൊരു സിനിമ ചെയ്ത രചയിതാവ് ഒരു സ്‌ക്രിപ്റ്റുമായി എന്നെ സമീപിച്ചിരുന്നു. വായിച്ചപ്പോള്‍ എനിക്ക് അത്യാവശ്യം ഇഷ്ടപ്പെട്ടു. ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു. ശേഷം ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു ഞാനൊരു നായികയുടെ അടുത്ത് പോയി കഥ പറഞ്ഞു, തിരക്കഥ അവര്‍ക്ക് ഇഷ്ടപ്പെട്ടു. പക്ഷേ വിനയ് ഫോര്‍ട്ട് ആണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ നായികയ്ക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. വീണ്ടും അടുത്ത ആഴ്ച അദ്ദേഹം എന്നെ വിളിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ വേറൊരു നടിയോട് കഥ പറഞ്ഞു, നടിക്ക് കഥ ഇഷ്ടപ്പെട്ടു, പക്ഷേ വിനയ്ക്കു സാറ്റലൈറ്റ് വാല്യൂ ഇല്ലാത്തതുകൊണ്ട് വിനയ്‌യുടെ ഒപ്പം അഭിനയിക്കാന്‍ നടിക്ക് പറ്റില്ലെന്ന് അവര്‍ പറഞ്ഞു എന്ന്. അങ്ങനെ മൂന്നാമത്തെ ആഴ്ചയിലും ഈ തിരക്കഥാകൃത്ത് എന്നോട് ഇതേ കാര്യം തന്നെ റിപ്പീറ്റ് ചെയ്തു പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ എനിക്ക് വലിയ സങ്കടം തോന്നി. പക്ഷേ അതും കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ്, നോ പറഞ്ഞു എന്ന് പറഞ്ഞ നായികമാരില്‍ ഒരാളെ ഞാന്‍ ഒരു സ്ഥലത്ത് വെച്ച് കണ്ടു. അപ്പോള്‍ അവര് പറഞ്ഞു അതിന്റെ പ്രൊഡ്യൂസറിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് അവര് ആ പ്രൊജക്റ്റ് വേണ്ടെന്ന് വെച്ചതെന്ന്. വീണ്ടും ഈ തിരക്കഥാകൃത്ത് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ ഇനി ഐശ്വര്യറായി വന്നു എന്റെ കൂടെ അഭിനയിക്കാം എന്ന് പറഞ്ഞാല്‍ പോലും ഞാന്‍ നിങ്ങളുടെ സിനിമ ചെയ്യുന്നില്ല എന്ന്. വേറൊന്നും കൊണ്ടല്ല ഡിമോട്ടിവേറ്റ് ചെയ്യുകയാണ് നിങ്ങള്‍ താരങ്ങളെ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു’, വിനയ് ഫോര്‍ട്ട് പറഞ്ഞു.

’15 വര്‍ഷമായി മലയാള സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എനിക്ക് വേറെ ഒന്നും അവകാശപ്പെടാനില്ല. എന്റെ ഉള്ളിലുള്ള സ്പിരിറ്റ് ആണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. പല ഭാഷകളിലായി അജിത് സാറിനെ പോലുള്ള വലിയ ആള്‍ക്കാരുടെ കൂടെയൊക്കെ അഭിനയിച്ച ഭാവന, എന്റെ കൂടെ വന്ന് അഭിനയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു. ഭാവനയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയതില്‍ എനിക്കും സന്തോഷം തോന്നി. ആ സിനിമ വര്‍ക്ക് ആകുകയുെ ചെയ്തു’, വിനയ് കൂട്ടിച്ചേര്‍ത്തു.