ശ്രദ്ധിച്ചിട്ടില്ലേ, താല്പര്യമില്ലാത്ത സ്ത്രീകൾ വല്ലതും പറഞ്ഞാൽ അമ്മായി, അമ്മച്ചി എന്ന വിളി ചേർത്ത് സംസാരിക്കുന്നവരെ. ഇതേ കാര്യം ആണാണ് പറഞ്ഞതെങ്കിൽ പ്രായം മുൻനിർത്തിയുള്ള പരിഹാസം കുറവായിരിക്കും. ഈ വിഷയത്തിൽ എഴുത്തുകാരി അനുചന്ദ്ര പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാവുന്നത്. പ്രായം കൂടി വരുന്ന സ്ത്രീകൾ അമ്മായിയും ആന്റിയും തള്ളച്ചിയുമായി മാറുന്നുവെന്നും എന്നാൽ ഇഷ്ടമില്ലാത്തത് പറയുന്നത് പുരുഷനാണെങ്കിൽ പ്രായം മുൻനിർത്തിയുള്ള പരിഹാസങ്ങളുണ്ടാവുന്നില്ലെന്നുമാണ് അനുചന്ദ്ര തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.. സ്ത്രീകളുടെ താത്പര്യങ്ങൾ, പാഷൻ എല്ലാത്തിനെയും മാറ്റി വെച്ചവരോട് കുടുംബത്തിലൊതുങ്ങാൻ പറയുന്നു. പ്രായം കൂടിയവർക്ക് പബ്ലിക്കിനിടയിൽ വന്നു നിൽക്കുന്നതിന് പോലും തടസ്സമുണ്ടെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. യൗവനകാലത്ത് ലോകം സ്ത്രീയുടേതാണെന്നും അത് കഴിഞ്ഞാൽ സ്ത്രീകൾ ലോകത്തിൽ നിന്ന് അങ്ങേയറ്റം ഉൾവലിയണമെന്ന് പഠിപ്പിക്കാൻ ശ്രമിക്കുന്നു. പ്രായം കൂടിവരുന്ന സ്ത്രീകളെ നോക്കി അവരുടെ പ്രായത്തെ പരിഹസിക്കുന്നു ഇതൊന്നും പുരുഷനൊരിക്കലും ബാധകമേയല്ല എന്നുമാണ് അനുചന്ദ്ര തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
അനുചന്ദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രായം കൂടി വരുന്ന സ്ത്രീകൾക്കീ ലോകത്ത് എക്സിസ്റ്റ് ചെയ്യാൻ വലിയ പാടാണെന്നെനിക്ക് തോന്നാറുണ്ട്. ഉദാഹരണത്തിന്, ഞാൻ സിനിമ റിവ്യൂ ചെയുന്ന സമയത്തൊക്കെ എന്റെ യൂട്യൂബ് ചാനലിനകത്തു പലപ്പോഴും കണ്ടിട്ടുള്ള കമന്റ്സ് ആണ്
‘അമ്മായിക്ക് വേറെ പണിയൊന്നുമില്ലേ?’
‘ആന്റി പോയി വേറെ വല്ല പണിം നോക്ക്’
‘ഏതാ ഈ തള്ളച്ചി’
‘പോയി വല്ല അടുക്കള പണിം നോക്ക് ‘ എന്നൊക്കെ.
ആളുകളിൽ നിന്ന് പലപ്പോഴായി ഇങ്ങനെ കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ പ്രമുഖ യൂട്യൂബ് സിനിമ റിവ്യൂവേഴ്സായ സുധീഷ് പയ്യനൂർ, ഉണ്ണി വ്ലോഗ് തുടങ്ങി ചെറുതും വലുതുമായ സകല റിവ്യൂവേഴ്സിന്റെയും കമന്റ് ബോക്സിന് താഴെ വരുന്ന കമന്റ്സ് എണ്ണിപെറുക്കി വായിക്കാൻ തുടങ്ങി.
‘അമ്മാവന് വേറെ പണിയില്ലേ? ‘
‘ഏതാ ഈ കിളവൻ’
‘അപ്പൂപ്പൻ എന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്’
‘പോയി കുടുംബകാര്യം നോക്കിയിരിക്ക്’
തുടങ്ങി പ്രായത്തെ അഡ്രെസ്സ് ചെയുന്ന ഒരു കമന്റ് പോലും എവിടെയും ഒരാളിൽ പോലും കാണുന്നില്ല. ഒരുവന്റെയും ഒരുത്തന്റെയും പ്രായം ഒരിടത്തു പോലും അഡ്രെസ്സ് ചെയ്യപ്പെടുന്നില്ല.
അപ്പോൾ പ്രശ്നം നേരിടുന്നത് സ്ത്രീകൾ മാത്രമാണ്.
പ്രായം കൂടി വരുന്ന സ്ത്രീകൾ അമ്മായിയും തള്ളച്ചിയും ആന്റിയുമായി മാറുന്നു. അവരുടെ താല്പര്യങ്ങൾ, പാഷൻ എല്ലാത്തിനെയും മാറ്റി വെച്ചവരോട് കുടുംബത്തിലൊതുങ്ങാൻ പറയുന്നു. പ്രായം കൂടിയവർക്ക് പബ്ലിക്കിനിടയിൽ വന്നു നിൽക്കുന്നതിന് പോലും തടസ്സമുണ്ടെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഫ്ലറിഷായി നിൽക്കുന്ന കാലത്തോളം ലോകം സ്ത്രീയുടേതാണെന്നും അത് കഴിഞ്ഞാൽ സ്ത്രീകൾ ലോകത്തിൽ നിന്ന് അങ്ങേയറ്റം ഉൾവലിയണമെന്ന് പഠിപ്പിക്കാൻ ശ്രമിക്കുന്നു. പ്രായം കൂടിവരുന്ന സ്ത്രീകളെ നോക്കി അവരുടെ പ്രായത്തെ പരിഹസിക്കുന്നു – എന്നാൽ ഇതൊന്നും പുരുഷനൊരിക്കലും ബാധകമേയല്ല.
നിലവിൽ നിരന്തരമായി സിനിമ റിവ്യൂസ് വീഡിയോസായി ചെയ്യുന്ന സ്ത്രീകൾ മലയാളത്തിൽ ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഞാൻ കടന്നു വരുന്നത്. അവിടെ പ്രായമാണ് പലർക്കും വിഷയം.
അല്ലെങ്കിലും മാളവിക ജയറാമിന്റെ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ പാർവതിയെ നോക്കി ‘മുതുകിളവി’ ‘ഡാകിനി’ ‘മുത്തശ്ശി’ ‘അമ്മൂമ്മ’ എന്നൊക്കെ കമന്റ് ചെയ്യുന്ന, പ്രേമലു സിനിമയുടെ ഫങ്ഷനുമായി ബന്ധപ്പെട്ടുള്ള നസ്രിയ ഫഹദിന്റെ വീഡിയോസിന് താഴെ വന്ന് ‘നിന്റെ കാലമൊക്കെ കഴിഞ്ഞെടീ ആന്റി’ എന്ന് പറയുന്ന, പാർവതി തിരുവോത്തിന്റെ വീഡിയോസ്ന് താഴെ വന്ന് ‘കിളവിയായി, നീ ഫീൽഡ് ഔട്ടായി പോയെടീ’ എന്നൊക്കെ പറയുന്ന മനുഷ്യരല്ലേ ഇവിടുള്ളത്.
അവർക്ക്, 70കളിലും സിനിമ വിടാത്ത മമ്മുട്ടി ‘നടൻ’ ആണ്.
ട്രോളുകൾ ഏറ്റു വാങ്ങുന്ന മോഹൻലാലും ‘നടൻ’ ആണ്
രാഷ്രീയവിയോജിപ്പുകളിൽ നിൽക്കുമ്പോഴും ‘നടൻ’ ആയി തന്നെ സുരേഷ്ഗോപിയേയും അംഗീകരിക്കുന്നു.
നിരന്തരം ഫ്ലോപ്പുകൾ ഏറ്റു വാങ്ങുന്ന ജയറാമും ‘നടൻ’ ആണ് –
വഴിയേ പോകുന്ന ഒരുത്തൻ പോലും പ്രായം ചൂണ്ടി ഇതിലൊരുത്തനെ പോലും തൊട്ടു തീണ്ടില്ല.
കാരണം ഇവരെല്ലാം ആണുങ്ങളാണ്.
( ഞങ്ങളെല്ലാം പെണ്ണുങ്ങളും )
അതാണ് ഞാൻ പറഞ്ഞു വരുന്നത് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ കയറുന്ന സ്ത്രീകളെ അംഗീകരിക്കാൻ കഴിയാത്തവർക്ക്, അവരെ ഒതുക്കണമെന്നൊക്കെ തോന്നും. അതിന് മറു കോൺടെന്റ് കൊണ്ട് കഴിയില്ല എന്നാവുമ്പോൾ അവർ ആദ്യം ‘പ്രായം’ ഇറക്കും. പിന്നെ ‘ രൂപം ‘ ഇറക്കും . അതുകൊണ്ടൊന്നും നടപടിയാവുന്നില്ലെന്ന് കണ്ടാൽ അടുത്ത വഴികൾ തേടി കൊണ്ടേയിരിക്കും.
അതാണല്ലോ ചരിത്രം!
അതാണല്ലോ ശീലം!