ഫാലിമി എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളികളുടെ പ്രിയതാരം ജഗദീഷിന് മികച്ച സഹനടന്‍ എന്ന പുരസ്‌കാരം ലഭിച്ചു. വനിത ഫിലിം അവാര്‍ഡ്‌സിലാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ഒരു ശരാശരി മിഡില്‍ ക്ലാസ് മലയാളി പുരുഷന്റെ ജീവിത നൈരാശ്യങ്ങള്‍ എല്ലാം പേറുന്ന, പക്ഷേ ഉത്തരവാദിത്വങ്ങളോടെല്ലാം മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്റെ വേഷമാണ് ജഗദീഷ് ഫാലിമിയില്‍ അവതരിപ്പിച്ചത്. ചന്ദ്രന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
വേദിയില്‍ വെച്ച് ജഗദീഷ്, ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. അവാര്‍ഡ് ഒരു അംഗീകാരം ആണെന്നും അതേസമയം അതൊരു ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാവും നിര്‍മാതാവുമായ മണിയന്‍ പിളള രാജുവാണ് ജഗദീഷിന് പുരസ്‌കാരം നല്‍കിയത്. ജഗദീഷിന്റെ ആദ്യകാല ചലച്ചിത്ര ജീവിതത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയും ചെയ്തു മണിയന്‍ പിളള രാജു.
‘ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കളാണ്. സ്‌കൂള്‍ മേറ്റ്‌സുമാണ്. അതിലൊക്കെ ഉപരി ജഗദീഷിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. ഈ ഇടയ്ക്ക് ‘റോഷാക്ക്’ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ക്ക് ഒരു അവാര്‍ഡ് ലഭിക്കുമെന്ന്. ഏറ്റവും കൂടുതല്‍ അവാര്‍ഡ് പുരസ്‌കാര വേദികളില്‍ മത്സരിച്ചിട്ടുള്ളതും ജഗദീഷ് ആണ്. ഏറ്റവും കൂടുതല്‍ അവാര്‍ഡ് വേദികളില്‍ പാടിയിട്ടുള്ളതും ജഗദീഷ് ആണ്. പക്ഷേ ഒരു ദിവസം ജഗദീഷ് എന്നോട് പറഞ്ഞു, ഞാന്‍ ഇനിമുതല്‍ കോമഡി സ്‌കിറ്റുകളോ കോമഡി റോളുകളോ ചെയ്യുന്നില്ല എന്ന്. എന്തെന്നാല്‍ എനിക്ക് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറണമെന്ന്. രമ ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആളാണ് പക്ഷേ കോമാളി വേഷം കളിച്ചു നടക്കുകയാണെന്ന്. നല്ലൊരു ക്യാരക്ടര്‍ കിട്ടിക്കഴിഞ്ഞാല്‍ ജഗദീഷിന് അവാര്‍ഡ് ലഭിക്കുമെന്നും രമ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ഈ സമയത്ത് ഓര്‍ക്കുന്നു’, മണിയന്‍ പിള്ള രാജു പറഞ്ഞു.
‘ജഗദീഷിന്റെ ചേച്ചി തിരുവനന്തപുരം എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്നു. വെള്ളാനകളുടെ നാട് എന്ന ചിത്രം ഇറങ്ങി കഴിഞ്ഞപ്പോള്‍ ചേച്ചി എന്നെ വിളിപ്പിച്ചു. എന്നോട് ചോദിച്ചു നിങ്ങള്‍ എന്ത് സുഹൃത്താണ്, ശോഭന കുളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന ഒരു റോള്‍ ആണോ നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരന് വാങ്ങിച്ചു കൊടുത്തതെന്ന്. പക്ഷേ അത് ജഗദീഷിന്റെ ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റ് ആയിരുന്നു. നല്ല മികച്ച ഒരു കഥാപാത്രം ആയിരുന്നു അത്’, മണിയന്‍ പിളള രാജു കൂട്ടിച്ചേര്‍ത്തു.
വേദിയില്‍ വെച്ച്, തന്നെ താനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാനും ജഗദീഷ് മറന്നില്ല. സാധാരണ എല്ലാ പുരസ്‌കാര വേദികളിലും ആങ്കറിംഗ് ചെയ്യുകയായിരുന്നു താനെന്നും ജേതാക്കളുടെ പേര് വിളിക്കുന്നതായിരുന്നു ജോലിയെന്നും എന്നാല്‍ ഇപ്പോള്‍ എനിക്ക് ഒരു അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്നും സന്തോഷത്തോടെ പറയുകയാണ് നടന്‍ ജഗദീഷ്.
കോമഡി സീനുകളില്‍ നിന്നും ക്യാരക്ടര്‍ റോളിലേക്ക് താന്‍ മാറിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്ക് വലിയ ബൂസ്റ്റിംഗ് ആണ് ലഭിച്ചത്, ഹരിഹര്‍നഗറിലെ അപ്പുക്കുട്ടനില്‍ നിന്നും ഇന്ന് ഈ ക്യാരക്ടറില്‍ നില്‍ക്കുമ്പോള്‍ വലിയ പ്രേക്ഷക പിന്തുണ തനിക്ക് ലഭിച്ചു എന്ന് ജഗദീഷ് പറഞ്ഞു. റോഷാക്ക്, പുരുഷ പ്രേതം, ഓസ്‌ലര്‍ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ റോളുകളെ കുറിച്ചും എടുത്തുപറഞ്ഞു.