മുടി പലപ്പോഴും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ശരിയായ രീതിയിൽ എങ്ങനെ മുടിയെ പരിപാലിക്കണം എന്ന് പലർക്കും അറിയില്ല. മുടി വളർത്താൻ ആയിരക്കണക്കിന് മാർഗങ്ങളാണ് ഓരോരുത്തരും പരീക്ഷിക്കുന്നത്. ഇതിൽ പ്രകൃതിദത്ത മാർഗ്ഗങ്ങളും അല്ലാത്തവയും ഉൾപ്പെടുന്നു.
പണ്ട് കാലം മുതലെ മുടിയിൽ എണ്ണ തേയ്ക്കുന്ന ശീലം പലരും പിന്തുടരുന്നതാണ്. മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള എണ്ണ തേച്ച് മുടിയെ പോഷിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്.വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലീവ് ഓയിൽ, ആവണക്കെണ്ണ എന്നിവയൊക്കെ മുടിയ്ക്ക് വളരെ മികച്ചതാണ്. ഇതിലെല്ലാം അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും വൈറ്റമിനുകളും ധാതുക്കളും മുടിയെ പല തരത്തിലാണ് വളരാൻ സഹായിക്കുന്നത്. മുടിയിഴകളിലും തലയോട്ടിയിലുമൊക്കെ ആഴ്ന്ന് ഇറങ്ങി പ്രവർത്തിക്കാൻ ഈ എണ്ണകൾക്ക് കഴിയും. മാത്രമല്ല മുടിയ്ക്ക് ബലം നൽകി ആവശ്യത്തിന് മോയ്ചറൈസ് ചെയ്യാനും എണ്ണകൾ നല്ലതാണ്.
പണ്ടൊക്കെ മുടി താളി ഉപയോഗിച്ചാണ് കഴുകിയിരുന്നത്. എന്നാൽ ഇത് അത് ഷാംപൂവിലേക്ക് മാറിയിട്ടുണ്ട്. മുടിയിൽ ഷാംപൂ ഇടുന്നതിന് മുൻപ് എണ്ണ തേയ്ക്കണോ എന്ന സംശയം പലർക്കുമുണ്ട്. ഷാംപൂവിന് മുൻപ് നിർബന്ധമായും എണ്ണ തേയ്ക്കേണ്ടതിൻ്റെ ആവശ്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
തലയോട്ടിക്കും മുടിയ്ക്കും പോഷണം
മുടിയിൽ എണ്ണ തേയ്ക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. തലയോട്ടിയെയും മുടിയെയും നല്ല രീതിയിൽ പോഷിപ്പിക്കാൻ എണ്ണയ്ക്ക് കഴിയും. മുടിയിഴകളെ വേരിൽ നിന്ന് ബലപ്പെടുത്താൻ എണ്ണ മികച്ചൊരു മാർഗമാണ്.
പ്രോട്ടീൻ കുറവ് പരിഹരിക്കും
മുടിയ്ക്ക് പ്രോട്ടീൻ വളരെ പ്രധാനമാണ്. മുട്ട പോലെയുള്ള ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തിന് സഹായിക്കാറുണ്ട്. മുടിയെ സംരക്ഷിക്കുന്ന പ്രോട്ടീനുകളിൽ പ്രധാനിയാണ് കെരാറ്റിൻ. നിരന്തരമായി മുടി ഷാംപൂ ചെയ്യുന്നതും അതുപോലെ ഹീറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും, അന്തരീക്ഷ മലിനീകരണവുമൊക്കെ മുടിയുടെ പ്രോട്ടീൻ നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനങ്ങൾ പറയുന്നത് അനുസരിച്ച് മുടിയിൽ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടിയിഴകളിൽ നിന്ന് നഷ്ടപ്പെടുന്ന പ്രോട്ടീനിനെ വീണ്ടെടുക്കാൻ വളരെ വേഗത്തിൽ സഹായിക്കാറുണ്ട്.
ഷാംപൂ ചെയ്യുന്നതിന് മുൻപ് എണ്ണ വെളിച്ചെണ്ണ മുടിയിൽ തേയ്ക്കുന്നത് മുടിയ്ക്കൊരു സംരക്ഷണം കവചമായി നിൽക്കാൻ സഹായിക്കും.
രക്തയോട്ടം കൂട്ടും
മുടിയിൽ എണ്ണ തേയ്ക്കുന്നതിൻ്റെ മറ്റൊരു പ്രധാന ഗുണമാണ് രക്തയോട്ടം കൂട്ടുന്നത്. മുടിയെ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം മികച്ചതാക്കാൻ സഹായിക്കും. രക്തയോട്ടം കൂടുന്നത് രോമകൂപങ്ങളെ ആരോഗ്യത്തോടെ വയ്ക്കാനും അതുപോലെ മുടി വളർച്ച മികച്ചതാക്കാനും സഹായിക്കും. രോമകൂപങ്ങൾക്ക് ആവശ്യമായ ഓക്സിജനും ന്യൂട്രിയൻ്റ്സും നൽകാനും എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. മുടികൊഴിച്ചിൽ കുറച്ച് ആരോഗ്യത്തോടെ മുടി വളർത്താൻ ഇത് ഏറെ നല്ലതാണ്.
വരൾച്ച മാറ്റും
ചില ഷാംപൂവുകളിൽ വളരെ വലിയ രീതിയിലുള്ള കെമിക്കലുകൾ ഉണ്ടാകാറുണ്ട്. ഇത് മുടിയുടെ സ്വാഭാവിക തിളക്കവും ഭംഗിയുമൊക്കെ ഇല്ലാതാക്കും. മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള തിളക്കം നൽകാനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കാനും എണ്ണ തേയ്ക്കുന്നത് സഹായിക്കും. ഷാംപൂ ചെയ്യുമ്പോൾ മുടി വരണ്ട് പോകുന്ന പ്രശ്നമുണ്ടെങ്കിൽ അത് മാറ്റാൻ എണ്ണ തേയ്ക്കുന്നത് നല്ലതാണ്. മുടിയിൽ ജലാംശം അമിതമായി നഷ്ടപ്പെടുന്നത് തടയാൻ എണ്ണ തേയ്ക്കുന്നതിലൂടെ കഴിയും. മുടിയെ മൃദുവാക്കി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാക്കാനും എണ്ണ തേയ്ക്കുന്നത് സഹായിക്കും.
മുടിയിൽ എണ്ണ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടിയിൽ എണ്ണ ഇടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയ്ക്ക് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മിക്ക മുടികൾക്ക് അനുയോജ്യമായതാണ് വെളിച്ചെണ്ണ. തലയോട്ടിക്കും ഇത് ആരോഗ്യം നൽകും. എണ്ണ ചെറുതായി ചൂടാക്കിയ ശേഷം തലയിൽ തേയ്ക്കാൻ ശ്രമിക്കുക. നന്നായി മസാജ് ചെയ്യുന്നത് നല്ല ഗുണം നൽകും. മുടിയിൽ എണ്ണ തേച്ച് 30 മിനിറ്റ് വയ്ക്കാൻ മറക്കരുത്. നന്നായി ഷാംപൂ ചെയ്ത് കളയാനും മറക്കരുത്. മുടിയിൽ എണ്ണമയം ഇരുന്നാൽ അത് പിന്നീട് അഴുക്ക് അടിഞ്ഞിരിക്കാൻ കാരണമാകാറുണ്ട്.
content highlight: hair-oiling-benefits-before-shampooing