ഗൗരിലക്ഷ്മിയുടെ മുറിവ് എന്ന ഗാനം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ പാട്ടാണ് മുറിവ് എന്ന് വെളിപ്പെടുത്തുകയാണ് ഗൗരിലക്ഷ്മി. ഗൗരിയയെ സംബന്ധിച്ചിടത്തോളം ഒരേസമയം അഭിനന്ദനങ്ങളും ട്രോളുകളും നേടിക്കൊടുത്ത ഗാനമാണ് മുറിവ്. ആ പാട്ടിൽ പറയുന്ന എട്ടു വയസ്സിന്റെ അനുഭവം സ്വന്തമാണെന്ന് ഗായിക വെളിപ്പെടുത്തുന്നു.
”മുറിവ് എന്റെ സ്വന്തം അനുഭവങ്ങളാണ്. അതില്‍ ആദ്യം പറയുന്ന എട്ട് വയസിലെ സംഭവം എന്റെ സ്വന്തം അനുഭവമാണ്. പതിമൂന്ന് വയസിലേതും എന്റെ അനുഭവമാണ്. 22 വയസും എന്റെ അനുഭവമാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ അതില്‍ എഴുതിയിട്ടുള്ളൂ. അല്ലാതെ ഭാവനയില്‍ നിന്നും ഒന്നും എഴുതിയിട്ടില്ല. എട്ട് വയസില്‍ ആദ്യമായി അനുഭവമുണ്ടാകുന്നത് ബസില്‍ വച്ചാണ്. ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പോലും എനിക്ക് ഓര്‍മ്മയുണ്ട്” ഗൗരി പറയുന്നു.
ചുവപ്പില്‍ വെള്ളയും നീലയും പൂക്കളുള്ള പാവാടയും, സ്ലീവ് ലെസ് മഞ്ഞയും ചുവപ്പമുള്ള ടോപ്പുമായിരുന്നു വേഷം. വൈക്കത്തു നിന്നും തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റോപ്പിലേക്കാണ് പോകുന്നത്. വൈക്കത്ത് വലിയ തുറയില്‍ നിന്നും ബസില്‍ കയറി. നല്ല തിരക്കായിരുന്നു. മോള് വീഴും അതിനാല്‍ കയറി നിന്നോളൂവെന്ന് അമ്മ പറഞ്ഞു. ഒരു സീറ്റില്‍ കേറ്റി നിര്‍ത്തി. തൊട്ട് പിന്നില്‍ നിന്നയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു. അയാളുടെ മുഖം എനിക്കോര്‍മ്മയില്ല.
ടോപ് പൊക്കിയ ശേഷം അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. എന്നോട് ആരും പറഞ്ഞു തന്നിട്ടില്ല. ഞാന്‍ എന്റെ അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നിലേക്ക് വരികയായിരുന്നു. ആരോടും പറയൊന്നുമില്ല. പക്ഷെ ഇതൊരു പ്രശ്‌നം പിടിച്ച പരിപാടിയാണെന്ന് എനിക്ക് അന്നേ മനസിലായി. അതായിരുന്നു എന്റെ ആദ്യത്തെ അനുഭവം. അത് തന്നെയാണ് എഴുതിയിരിക്കുന്നതെന്നാണ് ഗൗരി പറയുന്നത്.
പതിമൂന്നാം വയസില്‍ ബന്ധു വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവവും ശരിക്കുമുണ്ടായതാണ്.അതിന് മുമ്പ് വരെയുള്ള എല്ലാ വെക്കേഷനിലും സന്തോഷത്തോടെ, എന്റെ ഫസ്റ്റ് കസിന്‍സിന്റേയും സെക്കന്റ് കസിന്‍സിന്റേയും കൂടെ കയറി ചെന്നിരുന്നൊരു വീടാണത്. ഞാന്‍ കൗമാരത്തിലേക്ക് കടന്നു തുടങ്ങുമ്പോള്‍ അയാളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം കാരണം ഞാന്‍ ആ വീട്ടില്‍ പോകാതായി. എനിക്കിത് ആരോട് പറയണമെന്ന് അറിയില്ല.
ഞാന്‍ എന്റെ കൂടെ പഠിക്കുന്നൊരു കുട്ടിയെ ലാന്റ് ഫോണില്‍ വിളിച്ച് ഇങ്ങനെ ഉണ്ടായെന്ന് പറയുന്നുണ്ട്. ഇത് പുറത്ത് പറയാനോ, പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. പതിമൂന്ന് വയസുള്ള കുട്ടിയല്ലേ! ഇതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. അല്ലാതെ വെറുതെ ഉണ്ടാക്കി എഴുതിയതല്ലെന്നും ഗൗരി വ്യക്തമാക്കുന്നു.
content highlight: singer-gowri-lekshmi-talks-about-real-life-incidents