ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തതാണ് പൃഥ്വിരാജ് എന്ന സംവിധായകൻ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ നായകനായ ചിത്രം ഒരിക്കലും ഒരു പുതുമുഖ സംവിധായകൻ ചെയ്തതാണെന്ന് പറയില്ല. അത്രയേറെ അച്ചടക്കത്തോടെയാണ് സിനിമയെ പൃഥ്വിരാജ് കൈകാര്യം ചെയ്തിരിക്കുന്നത്. ലൂസിഫർ ചെയ്യുന്ന സമയത്തുണ്ടായ ചില സംഭവങ്ങൾ മുമ്പൊരു അഭിമുഖത്തിൽ പൃഥ്വിരാജ് വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്.
നായകനായ മോഹൻലാലിനെ കൊണ്ട് ചിലപ്പോഴൊക്കെ പതിനേഴ് ടേക്കുകൾ വരെ താൻ എടുപ്പിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ അതിലൊന്നും ഒരിക്കൽ പോലും മോഹൻലാൽ നീരസം പ്രകടിപ്പിച്ചിട്ടില്ലെന്നും മറ്റുള്ളവരോട് പോലും സഹകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.
ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല കെട്ടോ. മറ്റ് പല കാരണങ്ങൾ കൊണ്ടുമാണ്. അപ്പോഴൊക്കെ എന്റെ അസിസ്റ്റൻസ് അല്ലെങ്കിൽ എന്റെ കൂടെയുള്ളവർ എന്റെ അടുത്ത് വന്ന് പറയും പതിനേഴാമത്തെ ടേക്കായി എന്നൊക്കെ.
എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. എന്റെ നിർമാതാവിനോട് പോലും അദ്ദേഹം പറയും ആന്റണി അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്ന്. അങ്ങനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. നാൽപ്പത്തിമൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് മോഹൻലാൽ. ഇനി അദ്ദേഹത്തിന് ഒന്നും അഭിനയിച്ച് തെളിയിക്കാനില്ലെന്നും ഒരു പ്രതിഭ ചെയ്യേണ്ടതെല്ലാം ചെയ്ത് തെളിയിച്ച വ്യക്തിയാണ് അദ്ദേഹമെന്നുമാണ് ആരാധകർ പറയാറുള്ളത്.
പതിനേഴ് ടേക്കുകൾ എന്നല്ല പെർഫെക്ഷന് വേണ്ടി എത്രത്തോളം സഹകരിക്കാൻ കഴിയുമോ അത്രത്തോളം ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ എന്നത് സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. സിനിമാ സെറ്റിൽ ഒരിക്കൽ പോലും അദ്ദേഹം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മോഹൻലാലിനെ വെച്ചുള്ള സിനിമാ സംവിധാനം സംവിധായകർക്കും തലവേദനയില്ലാത്ത ജോലിയാണ്.
ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്ന് മോഹൻലാലായിരുന്നു. അതേസമയം എമ്പുരാന്റെ റിലീസിന് വേണ്ടിയാണ് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി അബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു.
എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
content highlight: Prithviraj-sukumaran-once-open-up-about-mohanlal