History

കേരളത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം ദേവാലയം; താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ചരിത്രം! | History of thazhathangady juma masjid!

കേരളീയ പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ സങ്കലനസൗന്ദര്യത്തോടെ, വിശ്വാസപ്പെരുമയുടെ തലപ്പൊക്കത്തോടെ ഉയർന്ന് നിൽക്കുന്ന നിർമ്മിതിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് . കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം ദേവാലയം . തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും പ്രതിനിധാനം ചെയ്യും .ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നായ താഴത്തങ്ങാടി ജുമാ മസ്ജിദ് കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിലാണ് . താജ് ജുമ മസ്ജിദ് എന്നും ഈ പള്ളിയ്ക്ക് പേരുണ്ട്. കോട്ടയത്തുനിന്നും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ താഴത്തങ്ങാടിയിലെത്താം. ഇതിനടത്താണ് തിരുവേര്‍പ്പ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കേരളത്തിൽ ഇസ്ലാംമതം പ്രചരിപ്പിക്കാനെത്തിയ മാലിക് ദീനാറിന്റെ മകൻ ഹബീബ് ദിനാർ നിർമിച്ചതെന്ന് ഈ പള്ളിക്ക് അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മാതൃകയാണുള്ളത് . അദ്ദേഹം കേരളത്തിൽ പത്തു പള്ളി സ്ഥാപിച്ചു. തമിഴ്‌നാട്ടിൽ ഒരെണ്ണവും. ആദ്യത്തേത് കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയാണ്. പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. അറബിശൈലിയിലുള്ള കൊത്തുപണികളും തേക്കുതടികളിൽ ചെയ്ത തൂണുകളും കമാനങ്ങളും മേൽക്കൂടും തട്ടിൻപുറവുമെല്ലാം കൗതുകകാഴ്ചകളാണ്. നിഴൽ ഘടികാരം, ഒറ്റക്കല്ലിൽ തീർത്ത ഹൗള്(അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിർമാണം), വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്.


.
ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു. തടിയിൽ തീർത്ത ഖുർആൻവാക്യങ്ങൾ, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാൽ സമൃദ്ധമായ മുഖപ്പുകൾ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്. പള്ളിയുടെ മുൻഭാഗത്തായി ഒരു സൂര്യഘടികാരവുമൂണ്ട്. പണ്ട് നമസ്കാരസമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്.800 പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ.മൂന്നുനിലകളുള്ള പള്ളിയെ താങ്ങി നിര്‍ത്തുന്നത് എട്ടുതൂണുകളാണ്. മൂന്നുനിലകളിലേക്കു നീളുന്ന ഒറ്റമരത്തൂണുകളാണ് ഈ എട്ടെണ്ണവും എന്ന പ്രത്യേകതയുണ്ട്. മൂക്കൂറ്റിസാക്ഷ എന്ന താഴും ഇവിടെയുണ്ട്.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറം പള്ളിയിലാണ് . അകം പള്ളിയും , പുറം പള്ളിയും ചേർന്നത്രയും വിശാമായ ഇടമാണ് മാളികപ്പുറം . അകം പള്ളിയ്ക്കും മാളികപ്പുറത്തിനുമിടയിൽ ഒരു രഹസ്യ അറയുണ്ട് . തെക്ക് പടിഞ്ഞാറ് കോണിലുള്ള കിളിവാതിൽ ചേർത്ത് അടച്ചാൽ രണ്ട് നിലകളുടെ ഇടയിൽ ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്താനാകില്ല . തെക്കുംകൂർരാജാവ് പള്ളിക്ക് സംഭാവന ചെയ്തതെന്നു കരുതപ്പെടുന്ന ഒരു വാളും ഇവിടെകാണാം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും പഠനാവശ്യങ്ങള്‍ക്കായി എത്തുന്നവരും നേരത്തെ പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.