Celebrities

‘തുടക്ക കാലം തൊട്ടേ മറ്റൊരു ഹീറോയോട് എന്നപോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്’; ജയറാമുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സിദ്ദിഖ്-Actor Siddique about Jayaram

തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ജയറാമുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായി നടന്‍ സിദ്ദിഖ്. ഇരുവരും ഏകദേശം ഒരേ സമയത്താണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. ജയറാം ഹീറോ ആയിട്ടും സിദ്ദിഖ് ചെറിയ ചെറിയ വേഷങ്ങളിലൂടെയും ആണ് മലയാള സിനിമയിലേക്ക് എത്തിയത്. തുടക്കകാലം തൊട്ടേ ഇരുവരും വലിയ സുഹൃത്തുക്കളായിരുന്നു. അക്കാലത്തെ ഇരുവരും ഒരുമിച്ചുള്ള ഒരുപാട് അനുഭവങ്ങള്‍ പല ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിട്ടുളള നടനാണ് സിദ്ദിഖ്. അത്തരത്തില്‍ ഇരുവരുമൊത്തുളള സുഹൃത് ബന്ധത്തെ കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ജയറാം ഹീറോ ആയിട്ടാണ് സിനിമയിലേക്ക് കടന്നു വന്നതെന്നും പക്ഷേ താന്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്താണ് സിനിമയിലേക്ക് വന്നതെന്നും എന്നാല്‍ തുടക്ക കാലം തൊട്ടേ ജയറാം മറ്റൊരു ഹീറോയോട് എന്നപോലെയാണ് തന്നോട് പെരുമാറിയിരുന്നതെന്നും പറയുകയാണ് സിദ്ദിഖ്. ജയറാമിന്റെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും ജയറാമിന്റെ അമ്മ ഒരുപാട് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുണ്ടെന്നും സിദ്ദിഖ് ഓര്‍ത്തെടുത്ത് പറഞ്ഞു.

‘ജയറാം ഹീറോ ആയിട്ട് തന്നെ സിനിമയിലേക്ക് കടന്നു വന്ന ആളാണ.് ഞാന്‍ പക്ഷേ ചെറിയ കഥാപാത്രങ്ങള്‍ ചെയ്താണ് സിനിമയിലേക്ക് വന്നത.് എന്നാല്‍ തുടക്ക കാലം തൊട്ടേ ജയറാം മറ്റൊരു ഹീറോയോട് എന്നപോലെയാണ് എന്നോട് പെരുമാറിയിരുന്നത്. ഷൂട്ടിങ്ങിനായി പോകുമ്പോള്‍ ഞാന്‍ താമസിക്കുന്നത് വളരെ ചെറിയ ഹോട്ടലിലും ജയറാം താമസിക്കുന്നത് വലിയ വലിയ ഹോട്ടലുകളിലും ആണ്. പക്ഷേ രാത്രിയില്‍ അദ്ദേഹം കാറുമായി വന്ന് എന്നെ വിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുറിയില്‍ കൊണ്ടുപോയി കിടത്തും. ഒന്നിനുമല്ല വെറുതെ കഥ പറഞ്ഞിരിക്കാനും എന്റെ പാട്ട് കേള്‍ക്കാനുമൊക്കെ. കഥ പറഞ്ഞു പറഞ്ഞു അവസാനം ജയറാം അങ്ങ് ഉറങ്ങിപ്പോകും. ഞാനും അവിടെ കിടന്നുറങ്ങും. പിന്നീട് ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും പെരുമ്പാവൂര്‍ വരെ അദ്ദേഹം കാറില്‍ പോകുമ്പോള്‍ എന്നെയും കൂട്ടുമായിരുന്നു. തോപ്പുംപടിയിലായിരുന്നു എനിക്ക് അന്ന് ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ തോപ്പുംപടി ആയാലും ചില സമയത്ത് അദ്ദേഹം കാര്‍ നിര്‍ത്തില്ല. എന്നോട് പറയും പെരുമ്പാവൂരുളള ജയറാമിന്റെ വീട്ടില്‍ വന്നു കിടന്നുറങ്ങിയിട്ട് നാളെ പോകാം എന്ന.് അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകുമായിരുന്നു. പിന്നീട് ജയറാമിന്റെ വീട്ടില്‍ നിന്നാണ് എന്റെ വീട്ടിലേക്ക് ഞാന്‍ വിളിച്ചു പറയുന്നത് ഞാന്‍ ജയറാമിനൊപ്പം ആണെന്ന്. പിന്നെ അടുത്ത ദിവസമായാലും എന്നെ വിടില്ല. അങ്ങനെ ദിവസങ്ങളോളം ഞാന്‍ ജയറാമിന്റെ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ജയറാമിന്റെ അമ്മ ഞങ്ങള്‍ക്ക് നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി തരുമായിരുന്നു’, സിദ്ദിഖ് പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായുളള തന്റെ ആത്മബന്ധത്തെക്കുറിച്ചും സിദ്ദിഖ് പറഞ്ഞിരുന്നു. മമ്മൂക്കയോട് തനിക്കുള്ളത് ഒരു സൗഹൃദബന്ധമല്ലെന്നും അതിലുപരി ഒരു സഹോദര ബന്ധമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. തന്നെ ജീവിതത്തില്‍ നിയന്ത്രിക്കുകയും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്നും തന്റെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യന്‍ കൂടിയാണ് മമ്മൂക്ക എന്നും സിദ്ദിഖ് കൂട്ടിച്ചര്‍ത്തു.