സിനിമാ ലോകത്തെ അറിയപ്പെടുന്ന പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഗായത്രിവീണ എന്ന അപൂര്‍വ സംഗീതോപകരണത്തിലും വിദഗ്ധയാണ് വിജയലക്ഷ്മി. 2013-ല്‍ പുറത്തിറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1981 ഒക്ടോബര്‍ 7-ന് വൈക്കത്ത് ജനിച്ച വിജയലക്ഷ്മി പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റിയിരിന്നു. 2022ല്‍, കേരള സര്‍ക്കാര്‍ നല്‍കുന്ന മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കേരള ശ്രീ അവാര്‍ഡും വിജയലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയലക്ഷ്മി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി മനസ് തുറന്നത്. പുനര്‍വിവാഹത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വൈക്കം വിജയലക്ഷ്മി. ആദ്യബന്ധം കനത്ത പരാജയമായിരുന്നെന്നും തന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളിയെന്നും ഗായിക പറഞ്ഞു. വിവാഹമോചനം നേടിയ ശേഷം താന്‍ സൂപ്പര്‍ ഹാപ്പിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭര്‍ത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയില്‍ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോള്‍ മുതല്‍ കൂടെയുള്ളതാണ്. അത് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ? വിവാഹമോചനം നേടിയ ശേഷം ഞാന്‍ സൂപ്പര്‍ ഹാപ്പിയാണ്. പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാല്‍ വിവാഹം കഴിക്കും. വരന്‍ കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല’, വിജയലക്ഷ്മി വ്യക്തമാക്കി.