കൊച്ചി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷം താര സംഘടനയായ ‘അമ്മ’ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. പുതിയ യോഗത്തില്‍ നടി ജോമോളെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തിരഞ്ഞെടുത്തു. നടന്‍ മോഹന്‍ലാലും അമ്മ സെക്രട്ടറി സിദ്ദിഖും ചേര്‍ന്നാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അമ്മയുടെ വിഷുകൈനീട്ടം പദ്ധതി വീണ്ടും ആരംഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കൂടാതെ ‘മഴവില്ലഴകില്‍ അമ്മ’എന്ന ഷോ ആഗസ്റ്റില്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ അഭിപ്രായ പ്രകടനം നടത്തില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു.
നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.