Celebrities

‘ആരും മണ്ടന്മാരല്ല, എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല’: ബിഗ്‌ബോസ് താരം ജിന്റോ-Jinto about the PR Work controversy

ബിഗ് ബോസ് മലയാളം സിക്‌സിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ജിന്റോ. സീസണ്‍ സിക്‌സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് പിന്നീട് വിജയി ആയിമാറിയത്. തമാശ കളിച്ചും നിഷ്‌കളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.കൂടാതെ ഫിസിക്കല്‍ ടാസ്‌കുകളിലെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ കൂടുകയായിരുന്നു.

കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷം രൂപയായിരുന്നു ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്‌സിനത്തില്‍ പോയതായി കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ജീവിതത്തിലെ പുതിയൊരു സന്തോഷ വാര്‍ത്തകൂടി ജിന്റോ പങ്കുവെച്ചിരിരുന്നു. തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നതെന്ന് താരം പറഞ്ഞു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ തനിക്കൊരു മികച്ച റോളുണ്ടെന്നാണ് ജിന്റോ വ്യക്തമാക്കിയിരുന്നു.

ഇതിന്പുറമെ എന്‍എം ബാദുഷ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില്‍ ഒരാളാണ് താനെന്നും ജിന്റോ പറഞ്ഞിരുന്നു. അതില്‍ ലഭിച്ചിരിക്കുന്നത് മെയിന്‍ വേഷമാണെന്നും ജിന്റോ പറയുന്നു. മുന്‍പ് പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ മുഖം രജിസ്റ്റര്‍ ആയിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ജീവിതത്തിലെ വലിയ ആഗ്രഹമാണ് പൂവിട്ടിരിക്കുന്നതെന്ന് ജിന്റോ വ്യക്തമാക്കി. സിനിമയില്‍ അഭിനയിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. കപ്പ് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും ജിന്റോ ബിഗ്‌ബോസ് ഹൗസില്‍ പറഞ്ഞിട്ടുണ്ട്. പണമല്ല, കപ്പ് പിടിച്ച് ലാലേട്ടന്റെ കൈപിടിച്ച് നില്‍ക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ജിന്റോ പറഞ്ഞിരുന്നത്.

എന്നാല്‍ ജിന്റോയുടെ വിജയത്തിനുശേഷം പിആര്‍ വര്‍ക്കുകൊണ്ട് മാത്രമാണ് ജിന്റോ വിന്നറായതെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. സഹമത്സരാര്‍ത്ഥികളില്‍ നിന്ന് പോലും അത്തരത്തില്‍ ഒരു സംസാരം വന്നിരുന്നു. ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ജിന്റോ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ സോഷ്യല്‍മീഡിയ ഹാന്റില്‍ ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചുവെന്നല്ലാതെ പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നാണ് ജിന്റോ പറയുന്നത്.’ഒരു വര്‍ഷം മുമ്പ് തന്നെ ഉറപ്പിച്ചിരുന്നു ബിഗ് ബോസില്‍ കയറിയാല്‍ കപ്പും കൊണ്ടേ വരൂവെന്നത്. അതിന് വേണ്ടി ഡെഡിക്കേറ്റഡായിട്ടാണ് കേറിയത്. ഇപ്രാവശ്യം ഹൗസിലുണ്ടായിരുന്ന എല്ലാവരും ഗെയിമേഴ്‌സായിരുന്നു. ബ്രില്യന്റ് ഗെയിമേഴ്‌സാണ് എല്ലാവരും.വലിയൊരു ഡ്രീമായിരുന്നു ബിഗ് ബോസ് കപ്പ്. പൊതുവെ എല്ലാവരും കപ്പ് കിട്ടിയാല്‍ അത് എടുത്ത് ഉയര്‍ത്തും. ഞാന്‍ മുട്ടുകുത്തി വണങ്ങുകയാണ് ചെയ്തത്’, ജിന്റോ പറഞ്ഞു.

‘നമ്മള്‍ ഷോയില്‍ കയറുമ്പോള്‍ സോഷ്യല്‍മീഡിയ ഹാന്റില്‍ ചെയ്യാന്‍ ഒരാളെ നമ്മള്‍ ഏല്‍പ്പിക്കും. അത് ഞാന്‍ മാത്രമല്ല എല്ലാ മത്സരാര്‍ത്ഥികളും ഏല്‍പ്പിച്ചിട്ടുണ്ടാകും. അകത്ത് നില്‍ക്കുന്ന മത്സരാര്‍ത്ഥി നന്നായി വര്‍ക്ക് ചെയ്താല്‍ മാത്രമെ പുറത്ത് നില്‍ക്കുന്നയാളുകള്‍ക്ക് ആ കണ്ടന്റ് എടുത്ത് പോസ്റ്റ് ചെയ്യാന്‍ കഴിയൂ. തങ്ങളുടെ സോഷ്യല്‍മീഡിയ ഹാന്റില്‍ ചെയ്യാന്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചിട്ടാണ് എല്ലാവരും ഹൗസിലേക്ക് പോകുന്നത്. ഇന്നത്തെ ആളുകള്‍ മണ്ടന്മാരല്ല. എന്റെ ഒപ്പം മത്സരിച്ചവരെ അനിയന്മാരും അനിയത്തിമാരുമായാണ് കണ്ടത്. അതുകൊണ്ട് അവര്‍ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. അവര്‍ക്ക് ഫീല്‍ ചെയ്തതുകൊണ്ട് പറയുന്നതാകുമല്ലോ. അതില്‍ കുഴപ്പമില്ല’, ജിന്റോ കൂട്ടിച്ചേര്‍ത്തു.