തൃശ്ശൂര്‍: വാഴച്ചാല്‍ മുക്കുമ്പുഴ ആദിവാസി ഊരില്‍ മാസംതികയാതെ ജനിച്ച നവജാതശിശു മരിച്ചു. മുക്കുമ്പുഴ കോളനിയിലെ സുബീഷിന്റേയും മിനിക്കുട്ടിയുടേയും കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് വനത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയതായിരുന്നു സുബീഷും ഭാര്യയും. കോളനിയിൽ നിന്നും കിലോമീറ്ററുകൾ അകലെ വനത്തിൽ വെച്ചാണ് മിനിക്കുട്ടിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന്, അവിടെ തന്നെ പ്രസവിക്കുകയും ചെയ്തു.
മൊബൈൽ റെയ്ഞ്ചുള്ള സ്ഥലത്തെത്തിയാണ് സുബീഷ് വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. പിന്നീട്, ആരോഗ്യവകുപ്പ് അധികൃതരും വനപാലകരും ഏറെ കഷ്ടപ്പെട്ട് പുഴ കടന്നാണ് വനത്തിനുള്ളിലേക്ക് എത്തിയത്. അവർ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ വനത്തിനുള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു.