സുഹൃത്തുക്കളെ കുറിച്ചും സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാവേണ്ട ആത്മബന്ധത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം നമിത പ്രമോദ്. യുവനടിമാര്‍ക്കിടയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് നമിത. പലപ്പോഴും ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തന്റെ ബിസിനസ്സുകളെ കുറിച്ചും വളരെ കാര്യമായ രീതിയില്‍ നമിത സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തില്‍ സൂഹൃത്തുക്കള്‍ക്കുളള സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘എന്റെ ജീവിതത്തില്‍ ഒരുപാട് സുഹൃത്തുക്കള്‍ വന്നിട്ടുമുണ്ട് ഒരുപാട് സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് പോയിട്ടുമുണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ലൈഫ് ലോങ്ങ് എന്റെ കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്ന പലരും ഇന്ന് എന്റെ ഒപ്പമില്ല. ഓരോ സാഹചര്യങ്ങള്‍ കാരണം അത് മാറിമറിയുന്നതാണ്. അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആവില്ല. ഒരിക്കലും മാറില്ല എന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളും ജീവിതത്തില്‍ മാറിയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത പല പ്രായത്തിലുള്ള ആള്‍ക്കാരാണ് എന്റെ ജീവിതത്തിലേക്ക് സുഹൃത്തുക്കളായി കടന്നു വന്നിരിക്കുന്നത്. എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സുഹൃത്തുക്കളെ ഞാന്‍ എപ്പോഴും ഒരു നിധി പോലെ സൂക്ഷിക്കാറുണ്ട്’, നമിത പറഞ്ഞു.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണ് നമിത അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രമാണ് സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ്.