കൊച്ചി: കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഹൈക്കോടതി. അതോടൊപ്പം തന്നെ ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം റദ്ദാക്കുകയും ചെയ്തു കോടതി. ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശത്തില്‍ മാറ്റം വരുത്താന്‍ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
തീരുമാനത്തിന് തന്ത്രിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വര്‍ഷം മുഴുവന്‍ കൂത്തും കൂടിയാട്ടവും വേണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണന്നും വ്യക്തമാക്കി. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഏതാനം മാസങ്ങള്‍ക്ക് മുമ്പും കൂടല്‍ മാണിക്യ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തൃശൂര്‍ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളില്‍ തുടര്‍ച്ചയായി പൊലീസ് ഇടപെടുകയാണെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പരാതി.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പൊലീസ് രാത്രി കടകളിലെ ലൈറ്റ് നിര്‍ബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതുവരെയും ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങളാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നും ആചാരങ്ങളുടെ നഗ്‌നമായ ലംഘനമായിരുന്നു വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിലുണ്ടായതെന്നും ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും സര്‍ക്കാരും പൊലീസും കാണിക്കുന്ന ധാര്‍ഷ്ട്യമാണിതെന്നുമുളള ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.