സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ ഹാസനും ആദ്യമായി ഒന്നിച്ച സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യന്‍. 2001 ലായിരുന്നു ഇതിന്റെ റിലീസ്. ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കഥ പറയുന്ന ശങ്കര്‍,കൈക്കൂലിക്കെതിരെ പോരാടുന്ന സേനാപതിയെന്ന വയസ്സന്‍ കഥാപാത്രത്തെയായിരുന്നു കമലിലൂടെ അവതരിപ്പിച്ചത്. ഇന്ത്യന്‍ താത്താ എന്ന പേരില്‍ ശ്രദ്ധേയമായ ഈ കഥാപാത്രം,കമല്‍ഹാസന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി.
2017 സെപ്റ്റംബറില്‍,ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായി. 2019ജനുവരിയില്‍ ചെന്നൈ, രാജ്മുന്ധിരി, ഭോപാല്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലായി ഷൂട്ട് തുടങ്ങി. പക്ഷേ 2020 ഫെബ്രുവരിയില്‍ സെറ്റില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍,ക്രൂവിലുള്ള അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന്,ഷൂട്ട് നിന്ന് പോയിരുന്നു.പിന്നീട് കോവിഡ് ലോക്ക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് 2022 ഓഗസ്റ്റില്‍ വീണ്ടും ഷൂട്ട് തുടങ്ങിയ ഇന്ത്യന്‍ 2023 അവസാനത്തോടെ ഷൂട്ട് പാക്കപ്പ് ചെയ്തിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും,റെഡ് ജയന്റ് മൂവിസും കൂടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ശങ്കറുടേതാണ്. തിരക്കഥ രചിക്കുന്നത് ശങ്കറും എ. ജയമോഹനും കൂടിയാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 റിലീസിന് ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യും. 200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ്. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.
ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്‌നര്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്.