Movie News

ദേവദൂതന്‍ തീയറ്ററിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ പുറത്തിറക്കി-Devadoothan re release trailer out now

മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവദൂതന്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററില്‍ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും, മോഹന്‍ലാലിന്റെ വിശാല്‍ കൃഷ്ണമൂര്‍ത്തി ഇന്നും ഒരു ഹരമാണ്. വിനീതകുമാറിന്റെ മഹേശ്വരനും, ജയപ്രദയുടെ അലീനയും തീര്‍ത്ത സ്നേഹത്തിന്റെ ഓളങ്ങള്‍ ഇന്നും ഇനിയെന്നും സംസാരവിഷയമാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

രഘുനാഥ് പലേരി രചിച്ച ചിത്രം 2000 ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ വീണ്ടും ദേവദൂതന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ദേവദൂതന്‍ റീ റിലീസിന് തയ്യാറായതായിരിക്കുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നു. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4കെ അറ്റ്‌മോസ് പതിപ്പാണ് വീണ്ടും റിലീസ് ചെയ്യുന്നത്. 4കെ ക്ലാരിറ്റി ദൃശ്യമികവോടെ, ഡോള്‍ഫി ശബ്ദത്തിന്റെ മാന്ത്രികതയില്‍ പുറത്തു വരുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.

സംഗീതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രം ഡോള്‍ഫി അറ്റ്മോസില്‍ വരുമ്പോള്‍ പഴയ ഡിടിഎസ് ശബ്ദത്തിനുമപ്പുറം വേറിട്ടൊരു അനുഭവമായിരിക്കും ലഭിക്കുക. വിനീത് കുമാര്‍, ജഗതി, മുരളി, ശരത്, വിജയലക്ഷ്മി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും സിനിമ വിജയിക്കാതെ പോവുകയായിരുന്നു.