മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ഒരു പക്ഷേ മലയാളികളുടെ അഭിമാനമായി മാറിയേക്കാവുന്ന ബറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ നടന്ന ഒരു രസകരമായ സംഭവം പങ്കുവെക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അനീഷ് ഉപാസന. ബറോസിന്റെ ചിത്രീകരണ സ്ഥലത്തേക്ക് പ്രണവ് മോഹന്‍ലാല്‍ എത്തിയ കഥയാണ് സംവിധായകന്‍ ഇവിടെ രസകരമായി പറയുന്നത്.
പ്രണവ് മോഹന്‍ലാല്‍ എത്രത്തോളം വിനയത്തോടുകൂടിയും കുലീനമായും പെരുമാറുന്ന ഒരാളാണെന്ന് നമുക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടുകഴിഞ്ഞാല്‍ മനസ്സിലാകും. മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിന്റെ മകനാണ് പ്രണവ് മോഹന്‍ലാല്‍. പക്ഷേ അദ്ദേഹത്തിന് അതിന്റെതായ യാതൊരു ഭാവവുമില്ല. വളരെ സാധാരണക്കാരനെപോലെ ജീവിതം നയിച്ചുകൊണ്ടുപോകുന്ന ഒരു യുവനടനാണ് പ്രണവ് മോഹന്‍ലാല്‍.
‘ബറോസിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ ഒരിക്കല്‍ പ്രൊഡക്ഷന്റെ സെക്യൂരിറ്റി വന്ന് എന്നോട് പറഞ്ഞു, സര്‍ ഒരാള്‍ അകത്തേക്ക് പോകണം എന്ന് പറയുന്നു എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു പാസ് ഉണ്ടെങ്കില്‍ മാത്രം കയറ്റി വിട്ടോളൂ എന്ന്. അപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു അയാളുടെ കൈവശം പാസില്ല, പക്ഷേ അയാളുടെ ആരോ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞു എന്ന്. അപ്പോള്‍ ഞാന്‍ കരുതി അത് ആരാണത് എന്ന്. ആരോ ജോലി ചെയ്യുന്നുണ്ട് എന്ന് വെച്ച് നമുക്ക് അകത്തേക്ക് കയറ്റിവിടാനുള്ള അനുവാദമില്ല. നിങ്ങള്‍ ചെന്ന് പറയൂ അയാളോട് അകത്ത് കയറാന്‍ പറ്റില്ലെന്ന്. ഞാന്‍ അയാളോട് പറഞ്ഞു പക്ഷേ അയാള്‍ നിന്ന് ചിരിക്കുകയാണെന്ന് വീണ്ടും സെക്യൂരിറ്റി പറഞ്ഞു. അപ്പോള്‍ ഞാനോര്‍ത്തു ആരാണ് അങ്ങനെ നിന്ന് ചിരിക്കുന്നത്..എന്തിനാണ് അയാള്‍ ചിരിക്കുന്നത് എന്ന്. ഞാന്‍ സെക്യൂരിറ്റിയോട് പറഞ്ഞു ഒരു കാര്യം ചെയ്യ് ഞാനും കൂടെ വരാം എന്ന്. അങ്ങനെ ഞാന്‍ പുറത്തേക്ക് ചെന്നു നോക്കിയപ്പോള്‍ പുറത്ത് നില്‍ക്കുന്നത് സാക്ഷാല്‍ പ്രണവ് മോഹന്‍ലാല്‍ ആണ്’, അനീഷ് പറഞ്ഞു.
ഒരു തൊപ്പിയൊക്കെ വെച്ച് വണ്ടിക്കുള്ളില്‍ ഇരുന്നു ചിരിക്കുകയായിരുന്നു പ്രണവ്. ഞാന്‍ പെട്ടെന്ന് പ്രണവിനോട് അകത്തേക്ക് വരാന്‍ പറഞ്ഞു. എന്നിട്ട് സെക്യൂരിറ്റിയോട് പറഞ്ഞു.. ഇത് ലാല്‍സാറിനെ മകനാണ് എന്ന്. സെക്യൂരിറ്റി ശരിക്കും ഞെട്ടിപ്പോയി. അയാള്‍ക്ക് പ്രണവിനെ കണ്ടിട്ട് മനസിലായില്ല. യൂബറിലായിരുന്നു പ്രണവ് ലാല്‍ സാറിനെ കാണാന്‍ സെറ്റിലേക്ക് വന്നത്. ഞാന്‍ പ്രണവിനെയും കൊണ്ട് ലാല്‍സാറിന്റെ അടുക്കല്‍ ചെന്നു. കുറച്ചു കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ഫുഡ് കഴിക്കാനായി പ്രണവ് പ്രൊഡക്ഷന്റെ ക്യൂവില്‍ നില്‍ക്കുന്നു. ഞാന്‍ ക്രൂവിനോട് ചെന്ന് ചോദിച്ചു.. അത് പ്രണവ് മോഹന്‍ലാല്‍ ആണ് എന്തിനാണ് ക്യൂവില്‍ നിര്‍ത്തിയേക്കുന്നത് എന്ന്. അപ്പോള്‍ അവര് പറയുന്നു.. പ്രണവ് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..ക്യൂവില്‍ നിന്ന് മാത്രമേ ഫുഡ് കഴിക്കുന്നുളളുന്ന് പറഞ്ഞെന്ന്.. ഞാന്‍ നോക്കുമ്പോള്‍ ക്യൂ നിന്ന് ഭക്ഷണം ഒക്കെ വാങ്ങി കുറച്ച് ഹിന്ദിക്കാര് അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു, അവിടെ ഒരു മൂലയില്‍ പോയിരുന്നു പ്രണവ് ഭക്ഷണം കഴിക്കുകയാണ് ചെയ്തത്’, അനീഷ് കൂട്ടിച്ചേര്‍ത്തു.