ജനിച്ച് നാലാം മാസത്തില്‍ തന്നെ ഇന്ററര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ഒരു കൊച്ച് മിടുക്കനുണ്ട് മലപ്പുറത്ത്. മലപ്പുറം പള്ളിക്കല്‍ സ്വദേശി മുബഷിറ ഫസല്‍ ദമ്പതികളുടെ മകന്‍ ഫാമിഷ് അലനാണ് ഇന്ററര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സൂപ്പര്‍ ടാലാന്റട് കിഡ് അംഗീകാരം ലഭിച്ചത്. ജനിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പാല്‍കുപ്പി സ്വന്തം കൈകൊണ്ട് പിടിച്ച് പാല് കുടിക്കാന്‍ ആരംഭിച്ച മികവിനാണ് അലന് റെക്കോര്‍ഡ് ലഭിച്ചത്.
2023 ഡിസംബര്‍ 31നാണ് ഫാമിഷ് അലന്‍ ജനിക്കുന്നത്. എന്നാല്‍ കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്തതിനാല്‍ ജനിച്ച ഉടനെ തന്നെ പാല്‍ കുപ്പിയല്‍ ആക്കിയാണ് നല്‍കിയിരുന്നത്. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു പാല്‍ കുപ്പിയിലാക്കി നല്‍കി തുടങ്ങിയത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുട്ടി സ്വന്തം കൈകള്‍ കൊണ്ട് കുപ്പിപിടിച്ച് പാല്‍ കുടിക്കാന്‍ തുടങ്ങി. എന്നാല്‍ ആദ്യം ഒന്നും ഈ കാര്യം വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കുഞ്ഞിനെ കാണാനായി വീട്ടിലേക്ക് എത്തിയ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പറഞ്ഞതോടുകൂടിയാണ് വീട്ടുകാര്‍ ഇതിനെക്കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്.
‘പാല് കുപ്പിയിലാക്കി തുടങ്ങിയ ആദ്യ നാള്‍മുതലേ കുട്ടി തന്നെ കയ്യില്‍ വച്ചുകൊണ്ട് പാല്‍ കുടിക്കുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആരും തന്നെ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കാണാന്‍ എത്തിയ ആള്‍ക്കാര്‍ പറഞ്ഞതോടുകൂടിയാണ് ഇതിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. കൂടാതെ കുട്ടിയുടെ വീഡിയോയും ഫോട്ടോസും ഒക്കെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കാറുണ്ടായിരുന്നു. സ്റ്റാറ്റസ് കാണുമ്പോള്‍ പലരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെ സമീപിക്കുന്നത്’, പിതാവ് പറഞ്ഞു.
കുഞ്ഞിന് രണ്ടുമാസം പ്രായം തികഞ്ഞപ്പോളാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ മാതാപിതാക്കള്‍ കുട്ടിയുടെ വീഡിയോസും ഫോട്ടോസും എല്ലാം അയച്ചു കൊടുത്തു തുടങ്ങിയത്. തുടര്‍ന്ന് അപേക്ഷ അയച്ചു. ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 26ന് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സൂപ്പര്‍ ടാലന്റ് കിഡ്‌സ് എന്ന അംഗീകാരം കുട്ടിക്ക് ലഭിക്കുകയായിരുന്നു.