വ്യവസായ മേഖലയിലെ നിക്ഷേപങ്ങൾക്കായി നിരവധി കരാറുകളും പ്രാഥമിക ധാരണാപത്രങ്ങളും ഒപ്പുവെച്ച് യു.എ.ഇയും റഷ്യയും. റഷ്യയിലെ യക്തരിങ്ബർഗിൽ നടക്കുന്ന ഇന്നോപ്രോം ഗ്ലോബൽ ഇൻഡസ്ട്രിയൽ എക്സിബിഷനിലാണ് കരാറുകളിലെത്തിയത്.
ഇന്നോപ്രോം പ്രദർശനത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. നാലു ദിവസത്തെ പരിപാടിയിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് ഗ്രൂപ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ ഡോ. സുൽത്താൻ അൽ ജാബിർ പങ്കെടുക്കുന്നുണ്ട്.
നിക്ഷേപം, വ്യവസായം, വാണിജ്യ അവസരങ്ങൾ, മെഡിസിൻ, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രദർശനത്തിൽ യു.എ.ഇ പങ്കെടുക്കുന്നത്. കാർഷിക സാങ്കേതികവിദ്യയിലും ഉൽപാദനത്തിലും വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ മന്ത്രാലയം പ്രദർശനത്തിൽ ശ്രദ്ധിക്കുന്നുണ്ട്.