Viral

ഏഴ് കടലിനക്കരെയും ആറന്മുളക്കണ്ണാടിക്ക് ആവശ്യക്കാര്‍ ഏറെ; അറിയാം പ്രത്യേകതകള്‍-The famous Aranmula Kannadi

പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദര്‍പ്പണ സ്വഭാവം വരുത്തുന്നത്.

കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഇതിന്റെ മുന്‍പ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളില്‍ പിന്‍പ്രതലമാണ് പ്രതിഫലിക്കുക.
പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്‌ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍,ഏതാണ്ട് നാല് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോഹനിര്‍മ്മിതമായ ആറന്മുളക്കണ്ണാടി.

ബി.സി.2000 – മാണ്ടില്‍ ഇറ്റലിയിലും, ബി.സി.3000-മാണ്ടില്‍ ഗ്രീസിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങള്‍ക്കു മുന്‍പ് പശ്ചിമ ഇന്ത്യയില്‍ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയില്‍ നിന്നും 1922-ല്‍ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. ദൈവീക കാലത്തെ സുന്ദരിമാരുടെ സുഖഭോഗ വസ്തുക്കളില്‍ പ്രധാനിയായിരുന്നു ഇത്. ലോഹ കണ്ണാടികള്‍ ദക്ഷിണേന്ത്യയിലേക്ക് എത്തിച്ചേര്‍ന്നവയാണ്.

മറ്റ് ഓട്ടുരുപ്പടികള്‍ ഉണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സംമ്പ്രദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണല്‍ കലരാത്ത പുഞ്ച മണ്ണും മേച്ചില്‍ ഓടും പഴയ ചണചാക്കും ചേര്‍ത്ത് അരച്ചുണ്ടാക്കിയ ധ3പ കരുവില്‍ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളില്‍ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തില്‍ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികള്‍ വെല്‍ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളില്‍ അരക്കിട്ടുറപ്പിക്കുന്നു.

ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം ഇന്ന് 7 കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. വിദേശ വിപണികളില്‍ ഇന്ന് ആറന്മുള കണ്ണാടി ഒരു അത്ഭുത കരകൗശല വസ്തുവാണ്. വിശിഷ്ട വ്യക്തികള്‍ക്കു നല്‍കുന്ന ഉപഹാരങ്ങളുടെ കൂട്ടത്തിലും കേരളത്തിലും ഇന്ത്യക്ക് പുറത്തും നടക്കുന്ന വലിയ എക്‌സിബിഷനുകളിലെ അതിശയിപ്പിക്കുന്ന വസ്തു ആയിട്ടും ഇന്ന് ആറന്മുള കണ്ണാടി മാറിക്കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്. പിന്നീട് വാല്‍ക്കണ്ണാടിയുടെ രൂപത്തില്‍ ഭിത്തിയില്‍ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിര്‍മ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളില്‍ ഒന്നായി അഷ്ടമംഗല്യത്തില്‍ വാല്‍ക്കണ്ണാടി ഉപയോഗിച്ചു വരുന്നു.

 

Latest News