സംവിധായകന് ശങ്കറും ഉലകനായകന് കമല്‍ ഹാസനും ആദ്യമായി ഒന്നിച്ച സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യന്‍. 2001 ലായിരുന്നു ഇതിന്റെ റിലീസ്. ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കഥ പറയുന്ന ശങ്കര്‍,കൈക്കൂലിക്കെതിരെ പോരാടുന്ന സേനാപതിയെന്ന വയസ്സന് കഥാപാത്രത്തെയായിരുന്നു കമലിലൂടെ അവതരിപ്പിച്ചത്. ഇന്ത്യന്‍ താത്താ എന്ന പേരില്‍ ശ്രദ്ധേയമായ ഈ കഥാപാത്രം,കമല്‍ഹാസന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി.
2017 സെപ്റ്റംബറില്‍,ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായി. 2019ജനുവരിയില്‍ ചെന്നൈ, രാജ്മുന്ധിരി, ഭോപാല്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലായി ഷൂട്ട് തുടങ്ങി. പക്ഷേ 2020 ഫെബ്രുവരിയില്‍ സെറ്റില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍,ക്രൂവിലുള്ള അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന്,ഷൂട്ട് നിന്ന് പോയിരുന്നു.പിന്നീട് കോവിഡ് ലോക്ക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് 2022 ഓഗസ്റ്റില്‍ വീണ്ടും ഷൂട്ട് തുടങ്ങിയ ഇന്ത്യന്‍ 2023 അവസാനത്തോടെ ഷൂട്ട് പാക്കപ്പ് ചെയ്തിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും,റെഡ് ജയന്റ് മൂവിസും കൂടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ശങ്കറുടേതാണ്. തിരക്കഥ രചിക്കുന്നത് ശങ്കറും എ. ജയമോഹനും കൂടിയാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 റിലീസിന് ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യും. 200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ്. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.
അന്തരിച്ച മഹാനടന് നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയായിരുന്നു. ഇപ്പോളിതാ മലയാള സിനിമയില്‍ തന്റെ ഇഷ്ട താരം നെടുമുടി വേണു ആണെന്ന് പറഞ്ഞിരിക്കുകയാണ് നടന് കമല്‍ ഹാസന്. ഇന്ത്യന്‍ 2 വിനോട് അനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിലാണ് നടന് ഇക്കാര്യം പറഞ്ഞത്.
‘നെടുമുടി വേണു ഇവിടെ എവിടെയോ ഉള്ളത് പോലെ എനിക്ക് തോന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. മലയാളത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു നടന് നെടുമുടി വേണു ആണ്. എന്റെ പേരിനു താഴെ മെയ്ഡ് ഇന്‍ കേരള എന്ന് പറയുന്നതില്‍ തെറ്റില്ല. ഞാന്‍ അതിനു ശേഷമാണ് മറ്റു ഭാഷകളിലേക്ക് ചെന്ന് ഒരു പാന്‍ ഇന്ത്യന്‍ നടന് ആയത്’, കമല്‍ ഹാസന് പറഞ്ഞു. കേരളത്തില്‍ എത്തുമ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് പുറകോട്ട് സഞ്ചരിക്കുന്നുണ്ടെന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.