Celebrities

‘പൃഥ്വിരാജ് ഇരുത്തം വന്ന സംവിധായകന്‍’; എമ്പുരാനെ കാത്തിരിക്കുകയാണ് പ്രേക്ഷകരെന്ന് ബൈജു സന്തോഷ്-Actor Baiju Santhosh about Prithviraj

നടന്‍ എന്നതിലുപരി മലയാളികള്‍ ഏറെ ആകാംഷയോടെ ഏറ്റെടുത്ത ഒരു സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രമായ ലൂസിഫറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി ഓരോ മലയാളികളും ഓരോ സിനിമ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

ലൂസിഫറില്‍ വളരെ മികച്ച ഒരു റോള്‍ കൈകാര്യം ചെയ്ത് നടനാണ് ബൈജു സന്തോഷ്. അദ്ദേഹം എമ്പുരാനിലും അഭിനയിക്കുന്നുണ്ടെന്ന് വിവരം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരോട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു നടന്‍ ബൈജു. പൃഥ്വിരാജ് എന്ന സംവിധായകന്‍ എങ്ങനെയുണ്ട് എന്ന് ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് ഒരു ഇരുത്തം വന്ന ഡയറക്ടര്‍ ആണെന്ന് ബൈജു അഭിപ്രായപ്പെട്ടു. എമ്പുരാനിലെ തന്റെ ഷെഡ്യൂള്‍ ഇപ്പോള്‍ കഴിഞ്ഞു എന്നും ചിത്രത്തിന്റെ ബാക്കി ഷൂട്ട് ഇപ്പോള്‍ ഗുജറാത്തില്‍ പുരോഗമിക്കുകയാണെന്നും നടന്‍ പറഞ്ഞു. അതോടൊപ്പം തന്നെ എല്ലാ മലയാളികളും കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എംപുരാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എംപുരാന്‍ ചിത്രീകരിക്കുന്നത്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എംപുരാന്‍ നിര്‍മിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിനായി എത്തുന്നത്.

സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്‌റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തില്‍ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്. 2018 സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ മോഹന്‍ദാസ് ആണ് എംപുരാന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത്. ഉത്തരേന്ത്യയും തമിഴ്‌നാടും വിദേശരാജ്യങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.