Celebrities

‘മന്ത്രിയുടെ വാഹനം തടഞ്ഞെന്ന് ആരോപണം’; നടന്‍ ഗൗരവ് ബക്ഷിയെ അറസ്റ്റ് ചെയ്ത് ഗോവ പോലീസ്-Actor Gaurav Bakshi Arrested By Goa Police Over Blocking Minister’s Car

ഗോവ: നടന്‍ ഗൗരവ് ബക്ഷിയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി നീലകാന്ത് ഹലാര്‍ങ്കറുടെ ഗതാഗതം തടഞ്ഞുവെന്നാരോപിച്ചാണ് അറസ്റ്റ്. വെബ് സീരീസുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനാണ് ഗൗരവ് ബക്ഷി. എന്നാല്‍ തന്റെ വഴിതടഞ്ഞത് മന്ത്രിയുടെ കാറാണെന്നാണ് ഗൗരവ് ആരോപിക്കുന്നത്.

നോര്‍ത്ത് ഗോവയിലെ കോള്‍വാലെ പോലീസ് സ്റ്റേഷനിലേക്കാണ്് നടനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഹലാര്‍ങ്കറിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ (പിഎസ്ഒ) പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകന്റെ ജോലി തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം നിയമം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച നോര്‍ത്ത് ഗോവയിലെ റെവോറ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പോകുമ്പോഴാണ് സംഭവമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘പ്രതിയുടെ കാര്‍ എന്റെ വഴി തടഞ്ഞു, വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗൗരവ് ബക്ഷി പിഎസ്ഒയെ ഭീഷണിപ്പെടുത്തി’, മന്ത്രി ആരോപിച്ചു. സംഭവത്തില്‍ മന്ത്രിക്കെതിരെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി കാണിച്ച് ഗൗരവ് ബക്ഷി വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘ബോംബെ ബീഗംസ്’, ‘നക്‌സല്‍ബാരി’ എന്നീ വെബ് സീരീസുകളില്‍ അഭിനയിച്ച ഗൗരവ് ബക്ഷി ഗോവയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തുകയാണ്.