History

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്; രാജസ്ഥാനിലെ സ്വർഗ്ഗം ജയ്സാൽമർ! | Jaisalmer is the heaven of Rajasthan!

രാജസ്ഥാന്‍ കേവലം ഒരു മരുഭൂമി മാത്രമല്ല . ചരിത്ര പുസ്തകത്തിലും, ചിത്രങ്ങളിലും കണ്ടിട്ടുള്ള ജയ്സാൽമർ കോട്ട അടക്കം തടാകങ്ങളൂം, കുന്നുകളും മാനം മുട്ടെ ആകാശത്തെ ചുംബിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന രാജകൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് രാജസ്ഥാൻ .രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മണല്‍ പരപ്പുകള്‍ കാണുന്നതും ജയ്സാൽമറിലാണ്.കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടാണ് രാജസ്ഥാന്‍. സംസ്ഥാനം രൂപീകൃതമായത് 1949 മാര്‍ച്ച് 30ന്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. രാജ്യത്തിന്റെ പത്തുശതമാനം ഭൂമി കൈയടക്കിവച്ചിരിക്കുന്നു. ജയ്സല്‍മര്‍, ബാര്‍മര്‍ ജില്ലകള്‍ക്ക് കേരളത്തിനേക്കാള്‍ വലിപ്പം. ജനസംഖ്യയുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്ത്. മുപ്പത്തിമൂന്ന് ജില്ലകളിലായി വസിക്കുന്നത് ആറ് കോടി എന്‍പത്തിയഞ്ച് ലക്ഷം ജനങ്ങളാണ്.

ഥാർ മരുഭൂമിയുടെ ഹൃദയ ഭാഗത്ത് നഗരമദ്ധ്യത്തിലായി ത്രികര കുന്നിന് മുകളിലാണ് നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സോനാർഖില അഥവ ഗോൾഡൻ ഫോർട്ട് നിലകൊള്ളുന്നത്. 1156-ൽ രജപുത്ര രാജാവായ ജയ്സാൽ സിംഗ് രജപുത്ര മുഗൾ വാസ്തു ശില്പ രീതിയിൽ ജയ്സാൽമറിലെ പ്രത്യേക മഞ്ഞ മണൽക്കല്ലുകളാൽ നിർമ്മിച്ച കോട്ടയാണിത്. ആൾ താമസമുള്ള രാജ്യത്തെ ഏക കോട്ടയും.ഗോള്‍ഡന്‍ ഫോര്‍ട്ടിന്റെ മുകളില്‍ കയറിയാല്‍ കാണുന്ന പാകിസ്ഥാന്‍ ബോര്‍ഡര്‍ അധികം ദൂരം അങ്ങോട്ടേക്കില്ല എന്ന വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഗോള്‍ഡന്‍ ഫോര്‍ട്ടിന്റെ അടുത്ത് തന്നെ ഒരു ‘ബാങ്’ ഷോപ്പ് നിലകൊള്ളുന്നുണ്ട്. ജയ്‌സാല്‍മീറില്‍ മാത്രം സര്‍ക്കാര്‍ അംഗീകാരമുള്ള പാനീയമാണ് ‘ബാങ് ‘. ജയ്‌സാല്‍മീറിലെ എല്ലാ കെട്ടിടങ്ങള്‍ക്കും സ്വര്‍ണനിറമാണ്. സാന്‍ഡ് സ്‌റ്റോണ്‍ എന്ന പ്രത്യേക തരം കല്ലുകള്‍ കൊണ്ട് നിര്‍ മിച്ചിരിക്കുന്നതുകൊണ്ടാണ് ഇവ ഈ നിറത്തില്‍ നില കൊള്ളുന്നത്.അതുകാരണമാവാം ജൈസല്‍മീര്‍ ഗോള്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നതെന്നു അവിടെ എത്തുന്ന ഏതൊരു കാഴ്ചക്കാരനും നിസ്സംശയം പറയാം.

മനോഹരമായ കൊട്ടാരവും, അമ്പലങ്ങളും, ഹവേലികളും , വ്യാപര സ്ഥാപനങ്ങളും ഇന്നും കോട്ടയിലുണ്ട്. കോട്ട മതിലിന് മുപ്പതടി ഉയരവും , അനേകം വാതിലുകളും, രക്ഷാ കേന്ദങ്ങളുമുണ്ട്. ഇതിൽ ആഖായ് പോൽ, ഹവാ പോൽ, സൂരജ് പോൽ, ഗണേഷ് പോൽ എന്നീ പടിവാതിലുകൾ പ്രശസ്തങ്ങളാണ്.ലൈസൻസുള്ള ധാരാളം ഗൈഡുകളെ കോട്ടയ്ക്കുള്ളിൽ കാണാം. ഒരു ഗൈഡിന്റെ സഹായമുണ്ടെങ്കിൽ പ്രാദേശിക കഥകളും, ചരിത്രവും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. കൊട്ടാരത്തിലെ പണ്ടുകാലത്തെ അന്തേവാസികളുടെ പിന്മുറക്കാര്‍ ഇപ്പോഴും താമസിക്കുന്നുണ്ട് ഇവിടെ. ചരിത്ര സംഭവങ്ങളുടെ ഒരു കലവറയാണ് കോട്ട. ഇപ്പോഴും പഴയ പ്രൗഢി അതേപോലെ സൂക്ഷിച്ചിരിക്കുന്ന ഹവേലികൾ തൊട്ടടുത്ത് .അലാവുദ്ദിന്‍ ഖില്‍ജി ആദ്യം വന്നതു ഇവിടേക്കാണെന്ന് ചരിത്രം പറയുന്നുണ്ട്. ഈ കോട്ട കീഴടക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ഉരുക്കുപോലത്തെ കോട്ടയുടെ വാതിലുകളും കോട്ട ഭരിച്ചിരുന്ന രാജാവിന്റെ ചെറുത്തു നില്‍പിലും ഖില്‍ജി തോറ്റു മടങ്ങുകയായിരുന്നു.

ലോകത്തിലെ തന്നെ വലിയ കോട്ടകളില്‍ ഒന്നാണ് ഇത്. താര്‍ മരുഭൂമിയിലെ ത്രികൂട കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മഞ്ഞ മണല്‍കല്ലില്‍ പണികഴിപ്പിച്ചിട്ടുള്ള ഭീമാകാരമായ കോട്ടമതിലുകള്‍ പകല്‍ സമയത്ത് സിംഹത്തിന്റെ നിറത്തിലും, സൂര്യാസ്തമായ സമയത്ത് സ്വര്‍ണ്ണ നിറത്തിലും ആണ് കാണപ്പെടുന്നത്. നഗരത്തിലേക്ക് തുറക്കുന്ന നാല് വാതിലുകള്‍ ആണ് ഈ കൊട്ടക്കുള്ളത്. അതില്‍ ഒരെണ്ണം പീരങ്കി കാവല്‍ ഉള്ളതാണ്. ധനാഢ്യന്മാര്‍ പണികഴിപ്പിച്ചിട്ടുള്ള നിരവധി ഹവേലികള്‍ക്ക് ഈ കോട്ട കാവല്‍ നില്‍ക്കുന്നു. സത്യജിത് റായി എഴുതിയ സോണാര്‍ കെല്ലാ എന്നാ പുസ്തകത്തിലും പിന്നീട് അതെ പേരില്‍ നിര്‍മ്മിച്ച ചലച്ചിത്രത്തിനും ഈ കോട്ട പശ്ചാത്തലമായിരുന്നു.