ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
നീറ്റ് പരീക്ഷാക്രമക്കേടില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്ന് സുപ്രിംകോടി ഈ മാസം 18ലേക്ക് മാറ്റിയിരിക്കുകയാണ്. സോളിസിറ്റര്‍ ജനറളും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും അസൗകര്യം അറിയിച്ചതോടെയാണ് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. പുനഃപരീക്ഷയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രാദേശിക സംഭവമാണെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാൽപതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹർജികൾ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാൽ ഉച്ചവരെ മാത്രമേ കോടതി നടപടികൾ ഉണ്ടായൊള്ളൂ. ഇതോടെ ആദ്യം നാളേക്കും പിന്നീട് തിങ്കളാഴ്ച്ചത്തേക്കും ഹർജികൾ മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി കേന്ദ്രവും, എൻടിഎയും, സിബിഐയും നൽകിയ റിപ്പോർട്ടുകളിൽ എതിർകക്ഷികൾ മറുപടി നൽകണം. നീറ്റിൽ ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ടിലെ സ്കൂളിലേക്ക് കൊണ്ടുപോകും വഴിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.
50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ എത്തിച്ചു. സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ലെന്നും വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നും സിബിഐ വ്യക്തമാക്കുന്നു.
ആദ്യ ആയിരം ഉയർന്ന റാങ്ക് നേടിയവരിൽ രാജസ്ഥാനിലെ ശിക്കാർ, കോട്ട നഗരങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവരാണ് കൂടുതൽ, മൂന്നാം സ്ഥാനത്ത് കോട്ടയമാണ്. കോച്ചിംഗ് സെൻ്റുകൾ കൂടുതൽ പ്രവർത്തിക്കുന്നതിനാലാണ് ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നുതെന്നാണ് വിശദീകരണം. എന്നാൽ ആരോപണം ഉയർന്ന പാറ്റ്നയിൽ ഉയർന്ന റാങ്കുകാരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി.