History

ഒരു വീട്ടിൽ കൊല്ലപ്പെട്ടത് ആറു പേർ, കൊലപാതകി ഒരേ ഒരാൾ; കേരളത്തെ നടുക്കിയ ദുരൂഹമായ ആലുവ കൂട്ടക്കൊല കേസ് | the-mysterious-aluva-massacre-case-shook-kerala

ഒരു വീട്ടിൽ കൊല്ലപ്പെട്ടത് ആറു പേർ , കൊലപാതകിയോ ഒരേ ഒരാൾ . കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല കേസ് 20 വർഷത്തോളം പിന്നിടുമ്പോൾ പ്രതിയായ ആന്റണി ഇപ്പോൾ എവിടെയാണ് . 6 പേർ കൊല്ലപ്പെട്ട മാഞ്ഞൂരാൻ വീടിന്റെ ഇന്നത്തെ അവസ്ഥ എന്താണ് ? അറിയാം ദുരൂഹമായ ആ കൊലക്കേസിന്റെ ഉള്ളറകളെ പറ്റി . 2001 ജനുവരി ആറ്, കേരളം നടുങ്ങിയ ആലുവ കൂട്ടക്കൊല നടന്ന ദിവസം. ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ , ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍ , ദിവ്യ , അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി , സഹോദരി കൊച്ചുറാണി എന്നിവരാണ് ആന്റണിയുടെ കൊലക്കത്തിക്കിരയായത്. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എം.എ ആന്റണി മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിനെയും കുടുംബത്തെയും നിഷ്‌ക്കരുണം ഇല്ലാതാക്കിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പകച്ചു.

ആലുവ മാഞ്ഞൂരാൻ വീട്ടിലെ കൂട്ടക്കൊലക്കേസിൽ ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന സംശയമാണിത്. ഈ കേസിലെ പ്രതി ആന്റണിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തപ്പോഴും അതേ ചോദ്യം വീണ്ടും അവശേഷിച്ചു. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്‌റ്റിൻ.അഗസ്‌റ്റിൻ, ബേബി എന്നിവരുടെ ജഡങ്ങൾ കിടന്നതിനു സമീപം ചുവരിൽ രക്‌തംകൊണ്ട് അമ്പടയാളം വരച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നും തലേദിവസം രാത്രിയാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നു മനസിലായി . കൂട്ടക്കൊലയ്‌ക്കു ശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്‌ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു

2001 ജനുവരി ആറിന് രാത്രിയോടെയാണ് ആന്റണി പൈപ്പ് ലൈന്‍ റോഡിലെ അഗസ്റ്റിന്റെ വസതിയിലെത്തുന്നത്. അഗസ്റ്റിന്റെ കുടുംബവുമായി ആന്റണിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെട്ട കൊച്ചുറാണി, ബന്ധുകൂടിയായ പ്രതി ആന്റണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു . ഈ ബന്ധത്തിന്റെ പേരിലാണ് അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി വിദേശത്തേക്ക് പോകാന്‍ സഹായിക്കാമെന്നേറ്റത്. എന്നാല്‍ പണം ആവശ്യം വന്നപ്പോള്‍ നല്‍കില്ലെന്നായിരുന്നു കൊച്ചുറാണിയുടെ മറുപടി. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റിനും ഭാര്യയും മക്കളും സെക്കന്‍ഡ് ഷോ സിനിമ കാണാനായി തിയേറ്ററില്‍ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് കൊച്ചുറാണി ആവര്‍ത്തിച്ചതോടെ ആന്റണിയുടെ ഭാവംമാറി. വീട്ടിലെ വാക്കെത്തിയെടുത്ത് കൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവ് ക്ലാര തൊമ്മിയും കൊലക്കത്തിക്കിരയായി.

രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റിനും ഭാര്യയും മക്കളും കണ്ടത് കൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍. പക്ഷേ, വീടിനുള്ളില്‍ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെവിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുംബൈ വഴി ദമാമിലുമെത്തി. ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യക്ക് അന്ന് ഇല്ലാതിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിൽ ഒരു മിനി ടെലിഫോൺ എക്‌സ്‌ചേഞ്ച് സജ്‌ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്‌ട് ചെയ്തു.

കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന സിഐ ബി.ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്‌മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ട് കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്‌ഥാനത്തിൽ സൗദിയിലെ സ്‌പോൺസർ ആന്റണിയെ കയറ്റി വിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി. പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പലകള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.

ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ല്‍ ദയാഹര്‍ജി നല്‍കിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ ആദ്യംനല്‍കിയ പുന:പരിശോധന ഹര്‍ജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി. മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍മാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ 2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ നിര്‍ണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി.

വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് പുന:പരിശോധന ഹര്‍ജിയില്‍ വാദം തുടരുകയും ജസ്റ്റിസ് മദന്‍ ബി. ലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് 2018-ല്‍ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു.

കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈന്‍ റോഡിലെ വലിയ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വര്‍ഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുന്നവര്‍ പോലും ഏറെ ഭയന്നു. കൊലപാതകത്തിന് പത്തു വർഷം പിന്നിട്ടപ്പോൾ മാഞ്ഞൂരാൻ വീട് പൊളിച്ചുനീക്കി. തുരുമ്പെടുത്ത ഗേറ്റും തൂണുകളും മാത്രമാണ് അവിടെയിപ്പോഴുള്ളത്. ഏതാനും വര്‍ഷം മുന്പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു. കൊല്ലപ്പെട്ട കുടുംബനാഥൻ അഗസ്റ്റിന് സ്വകാര്യ അക്കൗണ്ടിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം ഇപ്പോൾ കോടികളായി. കേസിൽ വിധിയുണ്ടായിട്ടും ഈ നിക്ഷേപത്തിനോ, ബാങ്ക് ലോക്കറിൽ പൊലീസ് കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ച സ്വർണാഭരണങ്ങളോ അവകാശികൾ തിരികെ വാങ്ങിയില്ല. അതേസമയം സംഭവത്തിനു ശേഷം ആന്റണിയുടെ ഭാര്യയും മക്കളും ആലുവയില്‍നിന്ന് പോയി. ഇവര്‍ ഇപ്പോള്‍ കേരളത്തിനു പുറത്താണ്.