Investigation

അധികാരം തലയ്ക്കു പിടിപ്പിച്ച IAS സുന്ദരി: ആരാണ് പൂജ ഖേദ്കര്‍?; എന്താണ് വിവാദം? /IAS Sundari who grabbed power: Who is Pooja Khedkar?; What is the controversy?

അധികാരം അഹങ്കാരമാകുമ്പോഴാണ് അപകടങ്ങള്‍ ക്ഷമിച്ചു വരുത്തുന്നത്. അധികാരമെന്നാല്‍, ജനങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും സര്‍ക്കാര്‍ നല്‍കുന്ന പദവിയാണ്. അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ലഭിക്കുന്നതും. ഐ.എ.എസ്. ഐ.പി.എസ് പദവികള്‍ ജനോപകാരപ്രദമായി ഉപയോഗിക്കുന്നവരും ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇപ്പോള്‍ തന്റെ സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുര്‍വിനിയോഗം നടത്തിയതിനും നടപടി നേരിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉപയോഗിച്ചിരുന്ന ഓഡി കാര്‍ പരിശോധിക്കാന്‍ വിവാദ ട്രെയിനി ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ വീട്ടില്‍ ഇന്നലെയാണ് പൂനെ പൊലീസ് എത്തിയത്. ഭരണപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ജൂനിയര്‍ ഓഫീസറെ മറ്റൊരു ജില്ലയിലേക്ക് നിയമിക്കണമെന്ന് പൂനെ ജില്ലാ കളക്ടര്‍ സുഹാസ് ദിവാസെ അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗാദ്രെയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് പൂജ ഖേദ്കറെ വാഷിമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കൂടാതെ, ചട്ടം ലംഘിച്ച് തന്റെ ഒാഡി കാറില്‍ ബീക്കണ്‍ ഘടിപ്പിച്ചത് പരിശോധിക്കുമെന്ന് പൂനെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ പരിശോധനയ്ക്ക് പൂനേ പോലീസ് എത്തിയത്.

പൂജ ഖേദ്കറിനെതിരെയുള്ള ആരോപണങ്ങള്‍ ?

അധികാരം ദുരുപയോഗം ചെയ്തെന്നാണ് പ്രധാന ആരോപണം. പൂനെയില്‍ അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെട്ടതു മുതല്‍ പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക് അനുവദനീയമല്ലാത്ത സൗകര്യങ്ങള്‍ അവര്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സ്വകാര്യ ഔഡി കാറില്‍ അവര്‍ ചുവന്ന-നീല ബീക്കണും മഹാരാഷ്ട്ര സര്‍ക്കാര്‍ ബോര്‍ഡും ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ അനുമതിയില്ലാതെ ഉപയോഗിച്ചു. സമ്മതമില്ലാതെ അവര്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.

പൂനെ കളക്ടര്‍ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് പൂജ ഖേദ്കറെ സ്ഥലം മാറ്റുന്നത്. അഹമ്മദ്നഗര്‍ സീറ്റില്‍ നിന്ന് അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റിട്ടയേര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഖേദ്കറിന്റെ പിതാവ് തന്റെ മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. അതേസമയം പൂജ ഖേദ്കറുടെ നിയമനം സംശയാസ്പദമാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ വിജയ് കുംഭാര്‍ അവകാശപ്പെട്ടു. അവരുടെ പിതാവിന് 40 കോടി രൂപയുടെ ആസ്തിയുള്ളതിനാല്‍ അവര്‍ ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നില്ലെന്നാണ് ആരോപണം.

പൂജ ഖേദ്കര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാക്കാന്‍ വ്യാജ വൈകല്യ, മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായും വിജയ് കുംഭാര്‍ പറയുന്നു. ഒബിസി, കാഴ്ച വൈകല്യമുള്ള വിഭാഗങ്ങള്‍ക്ക് കീഴില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ ഖേദ്കര്‍ മാനസിക രോഗ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 2022 ഏപ്രിലില്‍, അവരുടെ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോവിഡ് അണുബാധയുണ്ടാകുമെന്ന് കാട്ടി അവര്‍ പരിശോധനക്ക് തയ്യാറായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആരാണ് പൂജ ഖേദ്കര്‍ ?

മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.പി.എസ്.സി പരീക്ഷയില്‍ 841-ാം ഓള്‍ ഇന്ത്യ റാങ്ക് (എ.ഐ.ആര്‍) നേടി.
പൂജാ ഖേദ്കര്‍ തന്റെ സ്വകാര്യ ഔഡി കാര്‍ ചുവപ്പ്-നീല ബീക്കണ്‍ ലൈറ്റും വി.ഐ.പി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചു. ഇത് വിവാദമായി.
ഐ.എ.എസിലെ പ്രൊബേഷണറി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങളും അവര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 3ന് ട്രെയിനിയായി ഡ്യൂട്ടിയില്‍ ചേരുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് പ്രത്യേക ക്യാബിന്‍, കാര്‍, റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, ഒരു പ്യൂണ്‍ എന്നിവ നല്‍കണമെന്ന് ഖേദ്കര്‍ ആവശ്യപ്പെട്ടു.
റിട്ടയേര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഖേദ്കറിന്റെ പിതാവ്, ട്രെയിനി ഐ.എ.എസ് ഓഫീസറുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഐ.എ.എസ് ട്രെയിനി പൂനെ കളക്ടറുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ തന്റെ ഓഫീസായി ഉപയോഗിക്കാന്‍ അനുവദിച്ചപ്പോള്‍ അവരുടെ നെയിംപ്ലേറ്റ് നീക്കം ചെയ്തതായും ആരോപണമുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷ പാസാക്കാന്‍ ഖേദ്കര്‍ വ്യാജ വൈകല്യ, മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന് പരാതി.മാനസിക രോഗ സര്‍ട്ടിഫിക്കറ്റും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എയിംസിലെ പരിശോധനയക്ക് തയ്യാറായില്ലെന്നും പരാതി

കോടിശ്വരിയാണോ എ.എ.എസുകാരി?

22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോര്‍ട്ട്. 2024 ജനുവരിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവര്‍ക്കു രണ്ട് ഫ്‌ളാറ്റുകളും അഞ്ചിടങ്ങളില്‍ ഭൂമിയുമുണ്ട്. പുണെ ജില്ലയിലെ മഹലുംഗില്‍ 16 കോടി രൂപ വിലമതിക്കുന്ന രണ്ടു സ്ഥലങ്ങളുണ്ട്. പുണെയിലെ തന്നെ ധഡാവാലിയില്‍ 4 കോടി രൂപയും അഹമ്മദ്നഗറിലെ പച്ചുണ്ടെയില്‍ 25 ലക്ഷം രൂപയും നന്ദൂരില്‍ ഒരു കോടി രൂപയും വിലമതിക്കുന്ന സ്ഥലങ്ങളുണ്ടെന്നാണു വെളിപ്പെടുത്തല്‍. പാച്ചുണ്ടെയിലെയും നന്ദൂരിലെയും ഭൂമി അമ്മയുടെ സമ്മാനമാണെന്നാണ് പൂജ അധികൃതരെ അറിയിച്ചിരിക്കുന്നത്. ഭൂസ്വത്തുക്കളില്‍ നിന്നു മാത്രം 30 ലക്ഷം വാര്‍ഷിക വരുമാനവും ഫ്‌ളാറ്റുകളില്‍ നിന്നു 8 ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുവെന്നാണു കണക്ക്. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലാണ് സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. ഇതില്‍നിന്നടക്കം പ്രതിവര്‍ഷം 42 ലക്ഷമാണ് പൂജയുടെ പ്രതിവര്‍ഷ വരുമാനം. 2023 ബാച്ച് ഐഎഎസ് ഓഫിസറായ പൂജ 2025 ജൂണ്‍വരെ പ്രൊബേഷനിലാണ്.

ഖേദ്കര്‍ കുടുംബം ?

മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ പതാര്‍ഡി തഹസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കുടുംബത്തില്‍ നിന്നാണ് പൂജ വരുന്നത്. അവരുടെ പിതാവ് ദിലിപ്രാവു ഖേദ്കര്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അവരുടെ പിതാവിന്റെ അച്ഛനും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഘാഡി സ്ഥാനാര്‍ത്ഥിയായി ദിലീപ് റാവു മത്സരിച്ചിരുന്നു. പൂജയുടെ അമ്മ ഭല്‍ഗാവ് ഗ്രാമത്തിലെ സര്‍പഞ്ചാണ്. ദിലിപ്രാവു ഖേദ്കറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ വരുമാനവും സമ്പത്തും 40 കോടി രൂപയാണ്. അവരുടെ സ്വത്തില്‍ 110 ഏക്കര്‍ കൃഷിഭൂമിയും ഹിരാനന്ദാനിയിലേത് ഉള്‍പ്പെടെ ഏഴ് ഫ്‌ളാറ്റുകളും ഉള്‍പ്പെടുന്നുണ്ട്. 900 ഗ്രാം സ്വര്‍ണം, വജ്രങ്ങള്‍, 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ വാച്ച്, നാല് കാറുകളുമുണ്ട്.

എയിംസിലെ പരിശോധനയ്ക്ക് വിയോജിപ്പ് ?

പൂജ 2021ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയും പ്രാഥമിക പരീക്ഷയും മെയിന്‍ പരീക്ഷയും അഭിമുഖവും പാസായി 821-ാം റാങ്ക് കരസ്ഥമാക്കി. ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള വ്യക്തികള്‍ക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ നല്‍കിയ ‘അന്ധതയും മാനസിക രോഗവും’ ബാധിച്ചതിന്റെ വൈകല്യ അവകാശവാദം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.പി.എസ്.സിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സി.എ.ടി) നിയമ പോരാട്ടവും നടത്തി. 2023 ഫെബ്രുവരി 23 ലെ CAT ഉത്തരവ് അനുസരിച്ച്, UPSC പൂജയോട് 2022 ഏപ്രിലില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് ‘കോവിഡ്-19 ബാധിച്ചതിനാല്‍’ പരിശോധന മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ പരിശോധന 2022 ഓഗസ്റ്റിലേക്ക് മാറ്റി. അപേക്ഷകനെ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ എയിംസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടാനുള്ള കാരണം അറിയാന്‍ ഒരു സബ്ജക്റ്റ് സ്‌പെഷ്യലിസ്റ്റ് എം.ആര്‍.ഐ (മസ്തിഷ്‌കം) ചെയ്യാന്‍ ആവശ്യപ്പെട്ടു. എയിംസിലെ ഡ്യൂട്ടി ഓഫീസര്‍ അപേക്ഷകനെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും അവരില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. അതിനാല്‍ കാഴ്ച വൈകല്യത്തിന്റെ ശതമാനം വിലയിരുത്താന്‍ കഴിഞ്ഞില്ലെന്ന് സി.എ.ടി അംഗം ഭഗവാന്‍ സഹായി, ജസ്റ്റിസ് എം.ജി സെവ്ലിക്കര്‍ എന്നിവരുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, പിന്നീട് അവര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ എം.ആര്‍.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

content highlights;IAS Sundari who grabbed power: Who is Pooja Khedkar?; What is the controversy?

Latest News